അറിയപ്പെടുന്ന ഡോക്ടറാണ് അതിലുപരി സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ കുറിച്ച് കെ.വി. തോമസ്
Kerala News
അറിയപ്പെടുന്ന ഡോക്ടറാണ് അതിലുപരി സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ കുറിച്ച് കെ.വി. തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th May 2022, 7:48 am

കൊച്ചി: അറിയപ്പെടുന്ന ഡോക്ടറും സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്.

മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചോദ്യത്തോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൃക്കാക്കരയില്‍ സജീവമായി തന്നെ പ്രചരണ രംഗത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഡോ. ജോ ജോസഫിനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ, എന്റെ മരുമകള്‍ ജോലി ചെയ്യുന്നത് ലിസി ആശുപത്രിയിലാണ്, ഇതേ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ്. എന്റെ ഇളയ മകന്‍ ജോയുടെ അടുത്ത സുഹൃത്താണ്. ഇവിടെ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്.

അയാള്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. ഇത്രയും കാര്യങ്ങളാണ് അദ്ദേഹം സ്ഥാനാര്‍ഥിയായതിന് ശേഷം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റതെല്ലാം, ഞാന്‍ പറഞ്ഞുകേട്ടിട്ടുള്ളതും, എന്റെ മക്കള്‍ പറഞ്ഞതു മാത്രമേ എനിക്കറിയുകയുള്ളൂ’ എന്നായിരുന്നു ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് കെ. വി. തോമസിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് താന്‍ വിട്ട് നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനം മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് താനുണ്ടാകുമെന്നും മുന്നണികളുടെ വികസനമല്ല, നാടിന്റെ വികസനമാണ് വേണ്ടതെന്നും ഇത് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ജോ ജോസഫിനെയാണ് തൃക്കാക്കര പിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത്.

തൃക്കാക്കരയില്‍ പൂര്‍ണവിജയ പ്രതീക്ഷയുണ്ടെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോ ജോസഫ് പറഞ്ഞത്. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇടതുപക്ഷത്തിന് ജയിക്കാന്‍ കഴിയാത്ത ഒരുമണ്ഡലവും കേരളത്തിലില്ലെന്നും ജോ ജോസഫ് പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി പി. രാജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ എന്നിവരെത്തി സ്വീകരിച്ചു. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍. തൃക്കാക്കരയില്‍ വിജയിക്കാനാകുമെന്നും, താന്‍ എന്നും ഇടതു ചേരിയില്‍ നിന്നയാളാണെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സാമുദായിക സംഘടനകള്‍ ഇടപെട്ടന്നത് ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ നൂറുശതമാനം വിജയപ്രതീക്ഷയാണുള്ളതെന്നും ഡോ. ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, എല്‍.ഡി.എഫ് ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാന്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് കഴിയുമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞു. അറിവും പാടവവും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ജോയുടെ സന്നദ്ധതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും തൃക്കാക്കരയെ പ്രതിനിധാനം ചെയ്യാന്‍ യോഗ്യനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Congress leader KV Thomas about LDF candidate in Thrikkakkara, Joe Joseph