national news
കോണ്‍ഗ്രസ് ഐ.സി.യുവില്‍, ജീവന്‍ രക്ഷിക്കാന്‍ മറ്റ് പാര്‍ട്ടികളെ കൂടെ നിര്‍ത്തുകയാണ്: നരേന്ദ്രമോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 14, 04:28 am
Friday, 14th September 2018, 9:58 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഐ.സി.യുവിലാണെന്നും ജീവന്‍ നിലനിര്‍ത്താനാണ് മറ്റ് പാര്‍ട്ടികളെ കൂട്ടുപിടിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള സംഭാഷണത്തിനിടെയായിരുന്നു മോദിയുടെ പ്രതികരണം.

ജയ്പൂര്‍ റൂറല്‍, ഗാസിയാബാദ്, ഹസാരിയബാഗ്, നവാഡ, അരുണാചല്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായായിരുന്നു മോദി നമോ ആപ്പു വഴി സംസാരിച്ചത്.

” ഒരു രോഗി ഐ.സി.യുവില്‍ കിടക്കുന്നത് കണ്ടിട്ടില്ലേ. ഒരുപാട് ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും അയാള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. അതുപോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്.”

ALSO READ: ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ മഠത്തിലെത്തിയതിന് തെളിവ് ലഭിച്ചു; അറസ്റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്

മുമ്പ് ഒരു പാര്‍ട്ടികളുമായും സഖ്യത്തിലേര്‍പ്പെടില്ല എന്ന് പ്രതിജ്ഞയെടുത്ത കോണ്‍ഗ്രസ് ഇപ്പോള്‍ ഏത് പാര്‍ട്ടിക്ക് വേണ്ടിയും വിട്ടുവീഴ്ച ചെയ്യുമെന്നും മോദി പറഞ്ഞു. 2014 ല്‍ വീശിയടിച്ച “കൊടുങ്കാറ്റി”നേക്കാള്‍ ശക്തിയുള്ള കൊടുങ്കാറ്റാണ് ഇനി വരാനിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വീണ്ടും അധികാരത്തിലെത്താമെന്ന് പ്രതീക്ഷയിലാണ് എന്‍.ഡി.എയും ബി.ജെ.പിയും. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ സീറ്റ് 2019 ല്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് അവകാശപ്പെട്ടുള്ള സര്‍വേഫലവും ബി.ജെ.പി പുറത്തിറക്കിയിരുന്നു.

WATCH THIS VIDEO: