അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 46 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തുവിട്ടത്. 20 സിറ്റിങ് എം.എല്‍.എമാരും 18 പുതുമുഖങ്ങളും പട്ടികയിലിടം നേടി. ഇതോടെ 182 നിയമസഭാ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇതുവരെ 89 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.
മൂന്ന് വനിതാ നേതാക്കള്‍ മാത്രമാണ് ഇതുവരെ പട്ടികയിലിടം നേടിയിരിക്കുന്നത്. സിറ്റിങ് എം.എല്‍.എമാരായ പൂന്‍ജ വാന്‍ഷ്, പൂന ഗാമിത് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ഇവര്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.
മുന്‍ പ്രതിപക്ഷ നേതാവ് പരേഷ് ധനാനി, നിര്‍ജി തുമ്മാര്‍, വിക്രം മാദം എന്നിവരും പട്ടികയിലുണ്ട്. ആദ്യ പട്ടികയില്‍ 43 സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്. നവംബര്‍ നാലിനാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചത്.
അതേസമയം, നിലവിലെ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് മാറുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രണ്ട് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ പോയിരുന്നു.
ഗിര്‍ സോമനാഥ് ജില്ലയില്‍ തലാലയിലെ എം.എല്‍.എ ഭഗവന്‍ഭായ് ബറാഡാണ് ബുധനാഴ്ച കൂറുമാറിയിരുന്നത്. ചൊവ്വാഴ്ച മുന്‍ പ്രതിപക്ഷ നേതാവ് മോഹന്‍ സിങ് റാഠവയും രാജിവെച്ച് ബി.ജെ.പി.യിലേക്ക് പോയിരുന്നു. നിലവില്‍ നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 60 ആണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 എം.എല്‍.എ.മാരുണ്ടായിരുന്നു.
ഡിസംബര്‍ ഒന്ന്, അഞ്ച് തിയ്യതികളിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.