കൊവിഡ് പ്രതിരോധ വീഴ്ചയ്‌ക്കെതിരെയടക്കം സമരം; കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോണ്‍ഗ്രസിന് 1.10 ലക്ഷം രൂപയുടെ പിഴ
പാലക്കാട്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോണ്‍ഗ്രസിന് 1.10 ലക്ഷം രൂപയുടെ പിഴ. പുതുശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കാണ് പിഴ ലഭിച്ചത്. കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയടക്കമുള്ള കാര്യങ്ങളില്‍ സമരം നടത്തി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് പിഴ ശിക്ഷ.
വാക്‌സിനേഷനിലെ അപാകത, ശബരിമല വിഷയം, സ്വര്‍ണക്കടത്ത്, കാര്‍ഷിക നിയമം, ലക്ഷദ്വീപ് വിഷയം, മുട്ടില്‍ മരംമുറി, ടോള്‍ വിഷയം, വാളയാര്‍ ചെക്‌പോസ്റ്റിലെ കൈകൂലി തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു കോണ്‍ഗ്രസ് സമരം.
പുതുശ്ശേരി മണ്ഡലം, ബോക്ക് കമ്മറ്റികളാണ് സമരം നടത്തിയിരുന്നത്. പുതുശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ് പഞ്ചായത്തുകളിലായിരുന്ന സമരം നടന്നിരുന്നത്.
സംഭവത്തില്‍ കസബ, വാളയാര്‍ പൊലീസുകളാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പിരിവെടുത്ത് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അദാലത്തില്‍ പിഴയൊടുക്കി.
അതേസമയം പൊലീസിന്റെത് പ്രതികാരനടപടിയാണെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും മുന്‍കൂട്ടി അറിയിച്ചുമാണ് സമരം നടത്തിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
സര്‍ക്കാരിനെതിരെ സമരം നടത്തിയവരെ നിശബ്ദമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഓരോ മണ്ഡലം പ്രസിഡന്റിനെതിരെയും 15 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.