കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്തിന് ഞങ്ങള്‍ ആലപ്പുഴക്കാരുടെ തലയില്‍ കെട്ടിവെക്കുന്നുവെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ആലപ്പുഴ കളക്ടറായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിന്റെ നിയമനമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും കളങ്കിതനായ വ്യക്തിയെ കളക്ടറാക്കരുതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ.ഷുക്കൂര്‍ പ്രതികരിച്ചു. നിയമനത്തിന് പിന്നില്‍ മറ്റുചില താത്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു
ശ്രീറാമിന്റെ നിയമനത്തിനെതിരെ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരും രംഗത്തെത്തി. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാന്‍പോലും അഹങ്കാരം അനുവദിക്കാത്തയാളെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നതായി സലീം മടവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയാണ് ശ്രീറാം. കുറ്റകൃത്യം ചെയ്തതിന് പുറമേ അത് മറച്ചുവെയ്ക്കാനും രക്ഷപ്പെടാനും തന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു.