മണിപ്പൂരിലെ സംഘര്‍ഷാവസ്ഥ; കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം
national news
മണിപ്പൂരിലെ സംഘര്‍ഷാവസ്ഥ; കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 9:47 pm

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സെന്‍ട്രല്‍ ആര്‍മ്ഡ് ഫോഴ്‌സിന്റെ തൊണ്ണൂറ് കമ്പനികളെ മണിപ്പൂരിലേക്ക് അയക്കുമെന്ന് സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്. നേരത്തെ അയച്ച 198 കമ്പനികള്‍ക്ക് പുറമെയാണ് ഇനിയും 90 കമ്പനികളെ കൂടി അയക്കുന്നതെന്ന് ഉപദേഷ്ടാവ് പറഞ്ഞു.

അധികമായി അനുവദിച്ച 90 കമ്പനികളില്‍ വലിയ ഒരു ഭാഗം ഇംഫാലില്‍ എത്തിയതായും സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് സേനയെ വിന്യസിക്കുന്നതെന്നും ഉപദേഷ്ടാവ് കൂട്ടിച്ചേര്‍ത്തു.

സുരക്ഷ ഉറപ്പാക്കുമെന്നും എല്ലാ മേഖലകളിലും കണ്‍ട്രോള്‍ റൂമുകളും കോര്‍ഡിനേഷന്‍ സെല്ലുകള്‍ രൂപവത്ക്കരിക്കുമെന്നും ഉപദേഷ്ടാവ് പറയുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ നടക്കുന്ന സംഘര്‍ഷത്തില്‍ 258 പേര്‍ കൊല്ലപ്പെട്ടതായാണ് സുരക്ഷാ ഉപദേഷ്ടാവ് പറയുന്നത്. സുരക്ഷാ അവലോകന യോഗത്തിന് ശേഷമാണ് ഉപദേഷ്ടാവിന്റെ പരാമര്‍ശം.

ഇന്നത്തെ സുരക്ഷാ അവലോകനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും ഇംഫാല്‍ നഗരത്തിന്റെയും സുരക്ഷയെ കുറിച്ച് സൈന്യം, പൊലീസ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി സുരക്ഷ ഉപദേഷ്ടാവ് പറയുകയുണ്ടായി.

കൂടാതെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും സ്വത്തുവകകള്‍ നശിപ്പിച്ചതിന് 32 പേരെ അറസ്റ്റ് ചെയ്തതായും അവരുടെ കയ്യില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതായും കുല്‍ദീപ് സിങ് പറഞ്ഞു.

നവംബര്‍ ഏഴിന് ജിരിബാമില്‍ യുവതി കൊല്ലപ്പെട്ടതോടുകൂടിയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. പിന്നാലെ സംഘര്‍ഷം തുടരുകയും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമുള്‍പ്പെടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പിന്നാലെ മണിപ്പൂരിലെ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ഭരണപക്ഷമായ ബി.ജെ.പിയിലുള്‍പ്പെടെ ഭിന്നതകളുണ്ടാവുകയും പ്രതിഷേധാര്‍ഹം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് രാജി വെക്കുകയും ചെയ്തിരുന്നു.

Content Highlight: Conflict in Manipur; Center deploys more force