മലപ്പുറം: ഗുജറാത്തില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായുടെ പരിപാടിയില്‍ പ്രതിഷേധിച്ച യുവാക്കളെ തല്ലിയോടിച്ചു. ജയ് സര്‍ദാര്‍ എന്നും ജനറല്‍ ഡയര്‍ ഗോ ബാക്ക് എന്നും വിളിച്ച് പ്രതിഷേധിച്ചവരെയാണ് ബി.ജെ.പിക്കാര്‍ മര്‍ദ്ദിച്ചത്.
ആനന്ദ് ജില്ലയിലെ കരംസാദില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബി.ജെ.പി സംഘടിപ്പിച്ച ഗൗരവ് യാത്രയുടെ ഉദ്ഘാടനത്തിനിടെ അമിത്ഷാക്കെതിരെ രോഷം പ്രകടിപ്പിച്ച പട്ട്യാദാര്‍ സമുദായക്കാരെയാണ് തല്ലിച്ചത്.
മുദ്രാവാക്യം വിളിച്ചവരെ തെരഞ്ഞുപിടിച്ചായിരുന്നു എം.പിയുടെ നേതൃത്വത്തില്‍ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ നേരിട്ടത്. ആനന്ദിലെ ബി.ജെ.പി എം.പി ദിലീപ് മണിഭായ് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. പൊലീസിന്റെ കയ്യില്‍ നിന്നും ലാത്തി പിടിച്ചുവാങ്ങിയായിരുന്നു മര്‍ദ്ദനം.
ഗുജറാത്തിലെ പ്രധാന പത്രങ്ങളായ ഗുജറാത്തി സമാചാര്‍, സന്ദേശ്, ദിവ്യഭാസ്‌ക്കര്‍, ഗുജറാത്ത് മിത്ര്, ഗുജറാത്ത് ടുഡേ എന്നിവയില്‍ അമിത്ഷായുടെ യോഗത്തിലുണ്ടായ മര്‍ദനത്തിന്റെ ചിത്രവും വാര്‍ത്തയുണ്ട്. കരംദാസിലെ യോഗത്തിന് ശേഷമാണ് ഇന്നലെ ജനരക്ഷാ യാത്രക്കായി അമിത് ഷാ പയ്യന്നൂരിലെത്തിയത്.
അതേസമയം അമിത്ഷാ പങ്കെടുത്തിട്ടും ഗൗരവ് യാത്ര പരാജയമാണെന്നാണ് ഗുജറാത്തിലെ പ്രധാനപത്രമായ ഗുജറാത്തി സമാചാറിന്റെ റിപ്പോര്‍ട്ട്. സംസ്ഥാന വക്താവിനെ ഉദ്ധരിച്ചാണ് അമിത്ഷായുടേയും മോദിയുടെ നാട്ടില്‍ ബി.ജെ.പി ആശങ്കാജനകമായ പതനത്തിലാണെന്ന വാര്‍ത്ത.
35 മുതല്‍ 40 സീറ്റ് വരെയേ കിട്ടാന്‍ സാധ്യതയുള്ളൂവെന്ന രഹസ്യ സര്‍വേഫലത്തിന് പിന്നാലെ ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കത്തില്‍ നിന്ന് ബി.ജെ.പി പിന്‍മാറുകയായിരുന്നു.