national news
നിലവിലെ നിയമമനുസരിച്ചല്ല വാക്‌സിന്‍ എടുത്തതെങ്കില്‍ അത് അസംബന്ധം; മരുമകന് വാക്‌സിന്‍ ലഭിച്ചതില്‍ പ്രതികരിച്ച് ഫഡ്‌നാവിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 21, 03:14 am
Wednesday, 21st April 2021, 8:44 am

മുംബൈ: ഇരുപത്തിരണ്ട് വയസ്സുള്ള തന്റെ അനന്തരവനായ തന്‍മയ് ഫഡ്‌നാവിസിന് കൊവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

വാക്‌സിനെടുക്കാന്‍ തന്‍മയ് അര്‍ഹനാണെങ്കില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ അങ്ങനെയല്ലെങ്കില്‍ അത് തെറ്റാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

‘തന്‍മയ് നിലവിലെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് വാക്‌സിന്‍ എടുത്തതെങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍ അങ്ങനെയല്ലെങ്കില്‍ തികച്ചും അസംബന്ധമാണ്. എന്റെ ഭാര്യയ്‌ക്കോ മകള്‍ക്കോ ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടില്ല.,’ ഫഡ്‌നാവിസ് പറഞ്ഞു.

ഏപ്രില്‍ 20നാണ് ഫഡ്‌നാവിസിന്റെ അനന്തരവനായ തന്‍മയ് ഫഡ്‌നാവിസിന് കൊവിഡ് വാക്‌സിന്‍ ലഭിച്ചത്.

45 വയസിനു മുകളിലുള്ളവര്‍ വാക്സിനെടുക്കാന്‍ ഓടി നടക്കുമ്പോള്‍ ബി.ജെ.പി നേതാവിന്റെ 22കാരനായ മരുമകന് എങ്ങനെയാണ് വാക്സിന്‍ ലഭിച്ചതെന്നു പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഫഡ്നാവിസിന്റെ മരുമകനായ തന്‍മയ് ഫഡ്നാവിസ് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. തന്‍മയ് മുംബൈയില്‍ ആദ്യ ഡോസും നാഗ്പുരിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ പക്ഷപാതപരമായി പെരുമാറുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: Completely Improper Devendra Fadnavis Response After Relative Get Vaccine