ഇനി പരിസ്ഥിതി സൗഹൃദം; സംസ്ഥാനത്ത് ഫ്‌ളക്‌സുകള്‍ക്ക് പൂര്‍ണ്ണ നിരോധനം
Flex Ban
ഇനി പരിസ്ഥിതി സൗഹൃദം; സംസ്ഥാനത്ത് ഫ്‌ളക്‌സുകള്‍ക്ക് പൂര്‍ണ്ണ നിരോധനം
അനസ്‌ പി
Sunday, 1st September 2019, 11:41 am

തിരുവനന്തപുരം: കേരളത്തില്‍ ഫ്‌ളക്‌സ് നിരോധിച്ച് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പാണ് പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് നിര്‍മ്മാണവും, ഉപയോഗവും പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമാ പ്രചാരണം, പരസ്യം ഉള്‍പ്പെടെ യാതൊരുവിധ പ്രചാരണത്തിനും പിവിസി ഫ്‌ളക്‌സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ലെന്നു തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

പിവിസി ഫ്‌ളക്സിനു പകരം തുണി, പേപ്പര്‍, പോളി എഥിലീന്‍ തുടങ്ങി പുനരുപയോഗം സാധ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക്ക് ആവരണം ഉള്ള തുണി ഉപയോഗിക്കാന്‍ പാടില്ല. സംസ്ഥാനത്തെ മുഴുവന്‍ പരസ്യ പ്രിന്റിങ് ഏജന്‍സികളും പിവിസി ഫ്‌ളക്സ് ഉപയോഗിക്കുന്നില്ലെന്നു ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ഉത്തരവിനു ശേഷവും പിവിസി ഫ്‌ളക്സ് പ്രിന്റ് ചെയ്യുന്നവരില്‍നിന്ന് ചതുരശ്ര അടിക്ക് 20രൂപ നിരക്കില്‍ പിഴ ഈടാക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ ബോര്‍ഡ് ബാനറുകള്‍ നീക്കം ചെയ്യാത്തവരില്‍നിന്നും ഈ പിഴ ഈടാക്കാന്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ഉത്തരവ് പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിവിസി ഫ്‌ളക്‌സിന് പകരം ഉപയോഗിക്കാവുന്നതും റീ സൈക്കിള്‍ ചെയ്യാവുന്നതുമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിലവില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന പ്രിന്റിങ് മെഷീനുകളില്‍ തന്നെ ബാനറുകളും മറ്റും പ്രിന്റ് ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

കേരളത്തില്‍ പ്രതിവര്‍ഷം ഏറ്റവും ചുരുങ്ങിയത് 500 ടണ്‍ പിവിസി ഫ്‌ളക്‌സ് മാലിന്യമുണ്ടാകുന്നുവെന്നാണ് നേരത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന വിദഗ്ധ സമിതി തന്നെ കണ്ടെത്തിയിരുന്നു. ഇത് ക്യാന്‍സര്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് ഫ്‌ളെക്‌സ് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫ്‌ളക്‌സ് പ്രിന്റിങ് മേഖലയിലെ സംഘടനാ പ്രതിനിധികള്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ യോഗം ചേരുകയും ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ അനിയന്ത്രിതമായ ഉപയോഗം മലനീകരണത്തിന് കാരണമാകുമെന്നും വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി റീസൈക്കിള്‍ ചെയ്യാവുന്ന പോളി എഥിലീനോ (പോളിത്തീന്‍) കോട്ടണ്‍ തുണിയോ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി കേരള ഹൈക്കോടതിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിരോധന ഉത്തരവിറക്കിയതെന്ന് കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയായിരുന്ന അഡ്വ ഹരീഷ് വാസുദേവന്‍ പറഞ്ഞു.

”ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇറക്കിയ പത്തിലധികം ഇടക്കാല വിധികളിലൂടെ ഫ്‌ളക്‌സിന്റെ ഉപയോഗത്തിനു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളില്‍ നിന്ന് ഫ്‌ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ബോര്‍ഡ് വെയ്ക്കുന്നവര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കാനും മറ്റും നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് വലിയ അളവില്‍ പരസ്യ ബോര്‍ഡുകള്‍ കുറഞ്ഞിരുന്നു.” അഡ്വ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പലപ്പോഴായി, കോടതിയുത്തരവിന്റെ നഗ്‌നമായ ലംഘനം ഉണ്ടായി. ഏറ്റവുമൊടുവില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ താന്‍ ചൂണ്ടിക്കാണിച്ച പരസ്യ ഏജന്‍സികള്‍ക്ക് എതിരെ നടപടിയെടുക്കാനും ലൈസന്‍സ് റദ്ദ് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നതായി ഹരീഷ് പറഞ്ഞു.

ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കപ്പെടുന്നുണ്ടെന്നു ജനങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് ഹരീഷ് വാസുദേവന്‍ പറയുന്നു. അടുത്ത ഘട്ടത്തില്‍ പ്ലാസ്റ്റിക് ബാനറും നിരോധിക്കണം. പരസ്യമേഖല തുണി പോലുള്ള പ്രകൃതിസൗഹൃദ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഹരീഷ് പറയുന്നു.

ഫ്‌ളക്‌സ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോടതി നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്നു. ഒരു മിനുട്ട് കൊണ്ട് സര്‍ക്കാരിന് നിരോധന ഉത്തരവ് പുറപ്പെടുവിക്കാവുന്ന വിഷയത്തില്‍ പതിമൂന്ന് തവണ കോടതി ഉത്തരവിറക്കിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്നും ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കഴിഞ്ഞ മാസം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

നിയമം തെറ്റിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഇങ്ങനെ പോയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളക്‌സ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ്.

അനസ്‌ പി
ഡൂള്‍ന്യൂസ്, സബ്എഡിറ്റര്‍