പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല; ബൈക്ക് യാത്രക്കാരനില്‍ നിന്ന് പൊലീസ് ഈടാക്കിയത് 2000, രസീതില്‍ 250; പ്രതിഷേധിച്ചപ്പോള്‍ പണം തിരിച്ചയച്ചു
Kerala News
പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല; ബൈക്ക് യാത്രക്കാരനില്‍ നിന്ന് പൊലീസ് ഈടാക്കിയത് 2000, രസീതില്‍ 250; പ്രതിഷേധിച്ചപ്പോള്‍ പണം തിരിച്ചയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th February 2023, 5:19 pm

മഞ്ചേരി: വാഹന പരിശോധനക്കിടെ പൊലീസ് അധിക തുക ഈടാക്കിയതായി പരാതി. മലപ്പുറം മഞ്ചേരി പൊലീസാണ് റിട്ടയേര്‍ഡ് ഡി.എഫ്.ഒയായ വ്യക്തിയുടെ മകനില്‍ നിന്ന് 250യുടെ രസീത് നല്‍കി രണ്ടായിരം രൂപ ഈടാക്കിയത്. ഇതുസംബന്ധിച്ച് പരാതിയുന്നയിച്ച ശേഷം ബാക്കി 1,750 രൂപ തിരിച്ചുനല്‍കിയെന്നും പറയുന്നു.

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് കഴിഞ്ഞ ജനുവരി ഏഴാം തിയതി ബൈക്ക് യാത്രക്കാരന്റെ കയ്യില്‍ നിന്ന് 2,000 രൂപ ഈടാക്കിയത്. എന്നാല്‍ 250 രൂപയുടെ റെസീപ്റ്റ് മാത്രമാണ് പൊലീസ് യാത്രക്കാരന് നല്‍കിയത്. ആദ്യം ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബാക്കി 1,750 രൂപ സാര്‍ക്കാരിലേക്ക് പോയെന്നായിരുന്നു പൊലീസ് നല്‍കിയിരുന്ന മറുപടി.

എന്നാല്‍, പിന്നീട് ബൈക്ക് യാത്രക്കാരന്റെ പിതാവ് ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ച്
പൊലീസിനെ വിളിച്ച ശേഷം 1,750 രൂപ ഗൂഗില്‍ പേ ചെയ്ത് തരികയായിരുന്നു. ബൈക്ക് യാത്രക്കാരന്റെ പിതാവാണ് ഈ വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. താന്‍ ഒരു ഉദ്യോഗസ്ഥനായിരുന്നെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് ബാക്കി പണം തിരികെ നല്‍കാന്‍ തയ്യാറായതെന്നും ഇദ്ദേഹം ആരോപിച്ചു.

ശംസുദ്ദീന്‍ എന്ന പ്രൊഫൈല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ഈ കഴിഞ്ഞ ജനുവരി ഏഴാം തീയതി എന്റെ മകന്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മഞ്ചേരി പൊലീസ് ചെക്കിങ്ങിന് വേണ്ടി കൈ കാണിച്ചു.
യാത്ര രേഖകള്‍ പരിശോധിച്ചപ്പോള്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന് ബോധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തില്‍ മകന്‍ എന്നെ ഫോണ്‍ ചെയ്യുകയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഫൈന്‍ ഇട്ടിട്ടുണ്ടെന്നും പൈസ അയച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ ആവശ്യപ്രകാരം 2000 രൂപ ഞാന്‍ അവന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ ചെയ്തു. ശേഷം മകന്റെ അക്കൗണ്ടില്‍ നിന്ന് വാഹനം പരിശോധിച്ച ഉദ്യോഗസ്ഥനായ മഞ്ചേരി എസ് ഐ അക്കൗണ്ടിലേക്ക് 2000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു.


ദിവസങ്ങള്‍ക്കു ശേഷം മൊബൈലില്‍ മെസ്സേജ് പരിശോധിക്കുമ്പോള്‍ പൊലൂഷന്‍ ഇല്ലാത്തതിന് 250 രൂപയുടെ റസീറ്റ് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ മകനെ വിളിച്ചു ശകാരിച്ചു. കാരണം 250 രൂപയുടെ ഫൈന്‍ അടക്കാന്‍ എന്തിനാണ് 2000 ഗൂഗിള്‍ പേ ചെയ്യാന്‍ പറഞ്ഞത് എന്ന് ചോദിച്ചു? അപ്പോള്‍ മകന്‍ പറഞ്ഞത് 250 രൂപയുടെ റസീറ്റ് നല്‍കുകയുള്ളൂ, ബാക്കി പൈസ സര്‍ക്കാറിലേക്ക് ആണ് (1750) എന്നാണ് പോലീസുകാര്‍ പറഞ്ഞത് എന്ന് മകന്‍ അറിയിച്ചു.

ഉടനെ ഞാന്‍ മഞ്ചേരി എസ്.ഐയുമായി ഫോണില്‍ ബന്ധപ്പെട്ടു. കുറച്ചു ദിവസം മുമ്പ് നടന്നത് ആയതുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല എന്നും, അങ്ങനെ 2000 വാങ്ങിക്കുകയില്ല എന്നും അറിയിച്ചു. അപ്പോള്‍ ഉടന്‍തന്നെ മകന്റെ മൊബൈലില്‍ നിന്നും പൈസ അയച്ചു കൊടുത്തിട്ടുള്ള സ്‌ക്രീന്‍ഷോട്ട് എസ്.ഐക്ക് അയച്ചുകൊടുത്തിട്ട് ഞാന്‍ റിട്ടയേര്‍ഡ്
ഡി.എഫ് ഒ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ മിനിറ്റുകള്‍ക്കകം ക്ഷമാപണത്തോടെ 1750/= തിരിച്ചു ഗൂഗിള്‍ പേ ചെയ്തു തന്നു.

ഞാന്‍ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥന്‍ ആയതുകൊണ്ട് ഉടന്‍തന്നെ വിഷയത്തിന് പരിഹാരമായി. ആദ്യം ഒരു സാധാരണ പൗരനായി സംസാരിച്ചപ്പോള്‍ തിരിച്ച് പൊലീസായി പ്രതികരിച്ചു. ഉദ്യോഗസ്ഥനായി സംസാരിച്ചപ്പോള്‍ മാന്യമായി സംസാരിച്ചു. സാധാരണക്കാരന് എന്ന് നീതി പുലരും.