ലൈംഗികാതിക്രമ പരാതി; അര്‍ജുന അവാര്‍ഡ് ജേതാവായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
national news
ലൈംഗികാതിക്രമ പരാതി; അര്‍ജുന അവാര്‍ഡ് ജേതാവായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2024, 5:24 pm

ന്യൂദല്‍ഹി: അര്‍ജുന അവാര്‍ഡ് ജേതാവായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന് നേരെ ലൈംഗികാതിക്രമത്തിന് പരാതി. സി.ആര്‍.പി.എഫ് ചീഫ് സ്‌പോര്‍ട്‌സ് ഉദ്യോഗസ്ഥനായ ഖജന്‍ സിങിനെതിരെയാണ് പരാതി. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ പിരിച്ചു വിടാന്‍ തീരുമാനിച്ചതായി ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്ര അര്‍ധസൈനിക മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. പരാതിയില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്റെ സൈനിക സേവനം അവസാനിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുമുമ്പും ഖജന്‍ സിങ്ങിന് നേരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി അടക്കമുള്ള ആരോപണങ്ങള്‍ ഖജന്‍ സിങ് നിഷേധിച്ചു. ‘ഈ ആരോപണം തീര്‍ത്തും തെറ്റാണ്. എന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ വേണ്ടി മനഃപൂര്‍വം കെട്ടിചമച്ച കേസാണിത്,’ ഖജന്‍ സിങ് പറഞ്ഞു.

‘ഞാന്‍ എന്റെ ഓഫീസില്‍ ഇരിക്കുകയാണ്. എനിക്ക് നിയമോപദേശം സ്വീകരിക്കണം. അവരുടെ കയ്യില്‍ എനിക്കെതിരെ തെളിവുകളില്ല. വെറും മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എനിക്കെതിരെ കേസെടുത്തിരിക്കുന്നത്,’ എന്നും ഖജന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നീന്തല്‍ താരമാണ് ഖജന്‍ സിങ്. 1986ല്‍ സിയോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി വെള്ളിമെഡല്‍ നേടിയ താരമാണ് ഖജന്‍ സിങ്. 1982ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 1988 ല്‍ ഒളിമ്പിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ച അന്താരാഷ്ട്രത്തലത്തിലുള്ള നീന്തല്‍താരമായിരുന്നു ഖജന്‍.1984ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

മൂന്നു ലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ് സി.ആര്‍.പി.എഫിലുള്ളത്. 1986ലാണ് ആദ്യമായി സ്ത്രീകളെ കോംബാറ്റ് റാങ്കില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആറ് വനിതാ ബറ്റാലിയനാണുള്ളത്. കൂടാതെ സ്‌പോര്‍ട്‌സിലും അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലും വനിതാജീവനക്കാരുണ്ട്.

Content Highlight: Complaint of sexual assault against Arjuna awardee CRPF officer