'ചാണകത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തി'; നടന്‍ പ്രകാശ് രാജിനെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകന്റെ പരാതി
national news
'ചാണകത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തി'; നടന്‍ പ്രകാശ് രാജിനെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th August 2018, 8:06 pm

ബെംഗളൂരു: നടന്‍ പ്രകാശ് രാജിനെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് കോടതിയില്‍ പരാതി. ബെംഗളൂരുവിലെ ഒരു അഭിഭാഷകന്‍ ആണ് കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്

ഹിന്ദുക്കളുടെ മതവികാരത്തെ പ്രകാശ് രാജ് മനപ്പൂര്‍വ്വം വൃണപ്പെടുത്തിയെന്നാരോപിച്ചാണ് അഭിഭാഷകന്‍ കേസ് നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്വദേശിയായ കിരണ്‍ എന്‍ ആണ് പ്രകാശ് രാജിനെതിരായ പരാതി നല്‍കിയത്.

പശുക്കളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയുന്നില്ല പശു മൂത്രത്തെ കുറിച്ച് മാത്രമറിയാം നിങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണമെങ്കില്‍ 1 കിലോ പശുവിന്‍ ചാണകം, 2 ലിറ്റര്‍ പശു മൂത്രം എന്നിവ വേണം. പശുവിന്‍ മൂത്രം ഒഴികെ മറ്റൊന്നും നിങ്ങള്‍ക്കറിയില്ല, അതിനാല്‍ ഈ കഥയുമായി വരരുത്,” എന്ന പ്രകാശ് രാജിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഇയാള്‍ പരാതി നല്‍കിയത്.

Also Read പമ്പര വിഡ്ഢിയായ അര്‍ണാബിനോട് സഹതാപം മാത്രം; ‘റിപ്പബ്ലിക്’ എന്ന പേരിനെങ്കിലും കളങ്കം വരുത്താതെ നോക്കുവെന്നും മേജര്‍ രവി

നേരത്തെ മേയ് 8ാം തിയ്യതി കിരണ്‍ ഹനുമാന്താനഗര്‍ പൊലീസ് സ്റ്റേഷനില്‍ പ്രകാശ് രാജിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നാരോപിച്ച് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹിന്ദു സമൂഹത്തിനെതിരെ അപകീര്‍ത്തിയുണ്ടാക്കുന്നതാണ് ഈ പ്രസ്താവനയെന്നും പ്രകാശ് രാജ് പശുവിന്റെ വിസര്‍ജ്ജ്യത്തെ പരിഹസിച്ചുവെന്നും ഇയാള്‍ പറയുന്നു. മത വികാരത്തെ അപമാനിക്കാനായിരുന്നു പ്രകാശ് രാജിന്റെ പ്രസ്താവനയെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു.

ഐപിസി സെക്ഷന്‍ 295 (എ) പ്രകാരം പ്രകാശ് രാജ്‌ക്കെതിരെ നടപടിയെടുക്കാനും ഹനുമന്താനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടറോട് 156 (3) വകുപ്പ് പ്രകാരം കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെടണമെന്നും അഭിഭാഷകന്റെ പരാതിയില്‍ പറയുന്നു.

DoolNews Video