സച്ചിന്‍ ബേബിയെ വിമര്‍ശിച്ചതിന് സഞ്ജു സാംസണടക്കം 13 കേരള താരങ്ങള്‍ക്കെതിരെ നടപടി
Cricket
സച്ചിന്‍ ബേബിയെ വിമര്‍ശിച്ചതിന് സഞ്ജു സാംസണടക്കം 13 കേരള താരങ്ങള്‍ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st August 2018, 4:39 pm

കൊച്ചി:കേരള ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയതിന് 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി. അഞ്ച് പേരെ സസ്പന്‍ഡ് ചെയ്യുകയും സഞ്ജു സാസംണ്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീയാണ് പിഴയായി നല്‍കേണ്ടത്.

സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയതിനെതിരെ സഞ്ജു വി സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്ക് നേരത്തെ കെ.സി.എയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സച്ചിനെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്നും കെ.സി.എ വ്യക്തമാക്കിയിരുന്നു.


Read Also : ദിവസം 20000 രൂപ പ്രതിഫലം അവര്‍ ഓഫര്‍ ചെയ്തിരുന്നു; ഷാരൂഖ് ചിത്രം നിരസിച്ചതിനെ കുറിച്ച് ഷക്കീല


 

പരാതിയില്‍ ഒപ്പുവെച്ച താരങ്ങളെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് കാരണം കാണിക്കല്‍ നോട്ടീസ് കെ.സി.എ നല്‍കിയത്. പരാതിയില്‍ ഒപ്പുവെച്ച് ജൂനിയര്‍ താരങ്ങള്‍ക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായിരുന്നില്ലെന്നും സച്ചിന്‍ ബേബിക്കെതിരെ സീനിയര്‍ താരങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും കെ.സി.എ വിലയിരുത്തിയിരുന്നു.

കര്‍ണാടകയില്‍ നടന്ന കെ.സി.എ ട്രോഫിക്കിടെ രണ്ടുദിവസം ക്യാംപില്‍ നിന്നു വിട്ടുനിന്ന സഞ്ജു വി സാംസണ്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍,കെ.സി.അക്ഷയ്, സല്‍മാന്‍ നിസാര്‍ എന്നിവരോട് പ്രത്യേകം വിശദീകരണം നല്‍കാനും കെ.സി.എ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സച്ചിന്‍ ബേബിയെ നായകസ്ഥാനത്ത് നിന്നും മാറ്റണമെന്നും സ്വാര്‍ത്ഥനായ കളിക്കാരനാണ് അദ്ദേഹമെന്നുമായിരുന്നു ടീമംഗങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കിയ കത്തില്‍ പറഞ്ഞത്

” ടീമിലെ കളിക്കാരുടെയെല്ലാം താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ കത്ത്. വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. നായകനെന്ന നിലയില്‍ സച്ചിന്‍ ബേബിയുടെ ആറ്റിറ്റിയൂഡ് ശരിയല്ല.” എന്നും സച്ചിന്‍ ബേബി സ്വാര്‍ത്ഥനായ കളിക്കാരനാണെന്നും ടീം ജയിക്കുമ്പോള്‍ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിലാക്കുകയും തോല്‍ക്കുമ്പോള്‍ ടീമംഗങ്ങളുടെ തലയില്‍ കെട്ടിവെക്കുകയുമാണ് സച്ചിന്റെ ശീലമെന്നും താരങ്ങള്‍ അയച്ച കത്തില്‍ പറഞ്ഞിരുന്നു.

കെ.സി.എ സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ അഭിഷേക് മോഹന്‍, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി നിധീഷ്, വി.ജി റൈഫി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ എന്നിവരാണ് ഒപ്പുവെച്ചത്. കത്തില്‍ പേരുണ്ടെങ്കിലും പി.രാഹുലും, വിഷ്ണു വിനോദും ഒപ്പുവെച്ചിരുന്നില്ല.