രാഹുലിനെതിരെ വീണ്ടും കേസ്; ഇത്തവണ മോദിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപണം
national news
രാഹുലിനെതിരെ വീണ്ടും കേസ്; ഇത്തവണ മോദിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th February 2024, 4:46 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്കെതിരെ പരാതി. നരേന്ദ്ര മോദി ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയല്ലെന്ന് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് രാഹുലിനെതിരെ പരാതി നല്‍കിയിട്ടുള്ളത്.

മോദിയുടെ ജാതിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവിധ വിഭാഗങ്ങളിലും സമുദായങ്ങളിലും മതസ്പര്‍ദ്ധ സൃഷ്ടിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകനായ വിജയ് കലന്ദര്‍ ആണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ് രാഹുലിന്റെ പരാമര്‍ശമെന്ന് പരാതിയില്‍ പറയുന്നു.

താനൊരു കശ്മീരി പണ്ഡിറ്റ് ആണെന്നും അദ്ദേഹത്തിന്റെ മുത്തച്ഛന്‍ അഹിന്ദു കുടുംബത്തില്‍ പെട്ടയാളാണെന്നും പരസ്യമായി രാഹുല്‍ ഗാന്ധി മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തിലാണ് സ്വന്തം ജാതി മറച്ചുവെച്ച് രാഹുല്‍ മോദിക്കെതിരെ ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

അച്ഛന്റെ ജാതി മക്കളുടെ ജാതിയായിരിക്കുമെന്ന് കോടതി പല വിചാരണകളിലും പറഞ്ഞിട്ടുണ്ടെന്നും ജാതി ജന്മം കൊണ്ട് ഉള്ളതാണ് അത് മാറ്റാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

രാഹുലിന്റെ പ്രസ്താവനക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ വിജയ് കലന്ദര്‍ ആവശ്യപ്പെട്ടു. തിളങ്കളാഴ്ച ജയ്പൂര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ ഫെബ്രുവരി 23 ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

അതേസമയം 2018ല്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുലിനെതിരെ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ അദ്ദേഹത്തിന് സുല്‍ത്താന്‍പൂരിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ രണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ രാഹുലിനോട് കോടതി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Complaint against Congress MP Rahul Gandhi alleging caste abuse against Modi