കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ സവാദിന് സ്വീകരണം നല്‍കിയതിതില്‍ പ്രതികരണവുമായി പരാതിക്കാരിയായ നന്ദിത. സവാദിനെതിരെ നിയമ പോരാട്ടം തുടരുമെന്നും അയാള്‍ക്ക് സ്വീകരണം നല്‍കിയതില്‍ താന്‍ ചിരിച്ചുപോയെന്നും നന്ദിത മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും അവര്‍ പറഞ്ഞു.
‘സ്വീകരണം നല്‍കിയ വീഡിയോ കണ്ടിട്ട് എനിക്ക് ചിരി നിര്‍ത്താന്‍ പറ്റിയില്ല. ഒരു കൂട്ടം ആണുങ്ങള്‍ പുള്ളിക്കാരനെ പൂമാലയിട്ട് സ്വീകരിക്കാന്‍ എന്ത് മഹത്തായ കാര്യമാണ് ഇയാള്‍ ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല. കെ.എസ്.ആര്‍.ടി.സി ബസില്‍ എന്റെ അപ്പുറത്തിരുന്ന് സിബ്ബ് തുറന്നതാണോ പുള്ളി ചെയ്ത വലിയ കാര്യം. മാലയിടാന്‍ മാത്രം അയാള്‍ എന്താണ് ചെയ്തത്.
തോന്നിയതെല്ലാം അവന്മാര്‍ക്ക് ചെയ്യാം, ഒരു പെണ്ണും പ്രതികരിക്കരുത് എന്നതാണ് ഈ മെന്‍സ് അസോസിയേഷന്റെ ലക്ഷ്യം. കുറച്ചെങ്കിലും നാണവും വീട്ടില്‍ അമ്മയും പെങ്ങന്മാരും ഭാര്യയുമുള്ള മനുഷ്യര്‍ ഇങ്ങനെ ചെയ്യുമോ.
ആ സമയത്ത് അനുഭവിച്ച ട്രോമയാണ് ഞാന്‍ അന്ന് പങ്കുവെച്ചത്. അതിനേക്കാള്‍ പതിനായിരം മടങ്ങാണ് ഇപ്പോള്‍ എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. കാരണം സോഷ്യല്‍ മീഡിയില്‍ ഞാന്‍ ഹണിട്രാപ്പായി മാറി. ഞാനിപ്പോഴും തെറി കേട്ടുകൊണ്ടിരിക്കുയാണ്. എനിക്ക് എന്റെ ജോലി ചെയ്യാന്‍ പറ്റുന്നില്ല. ഞാനൊരു ഇന്‍ഫ്‌ളുവന്‍സറാണ്. എനിക്കെന്റെ ഇന്‍സ്റ്റ അക്കൗണ്ട് തുറക്കാനാകില്ല,’ നന്ദിത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായിരുന്ന സവാദ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായ സവാദിനെ മാലയിട്ടാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്.
തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ എറണാകുളം അഡി. സെഷന്‍സ് കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.