സ്റ്റാർബക്സ് ലാഭം മൂന്നിരട്ടിയാക്കിയിട്ടും കർഷകർക്ക് മെച്ചമില്ല; ഭാരത് ബന്ദിൽ പങ്കെടുക്കാൻ കാപ്പി കർഷകരും
national news
സ്റ്റാർബക്സ് ലാഭം മൂന്നിരട്ടിയാക്കിയിട്ടും കർഷകർക്ക് മെച്ചമില്ല; ഭാരത് ബന്ദിൽ പങ്കെടുക്കാൻ കാപ്പി കർഷകരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th February 2024, 8:32 am

ന്യൂദൽഹി: മോദി സർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ നയങ്ങൾക്കെതിരെ ഫെബ്രുവരി 16ന് നടക്കുന്ന ഗ്രാമീൺ ഭാരത് ബന്ദിൽ പങ്കെടുക്കുമെന്ന് കാപ്പി കർഷക ഫെഡറേഷൻ (സി.എഫ്.എഫ്.ഐ).

കാപ്പി കൃഷി മേഖലയിലും വൻകിട കോർപ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാനാണ് മോദി സർക്കാർ നിലകൊള്ളുന്നതെന്നും കേന്ദ്രത്തിന്റെ കാപ്പി (പ്രോത്സാഹന, വികസന) ബിൽ ഈ ലക്ഷ്യത്തോടെയുള്ളതാണെന്നും സി.എഫ്.എഫ്.ഐ ദേശീയ എക്സിക്യൂട്ടീവ് ആരോപിച്ചു.

കോഫി ബോർഡ് ഉൾപ്പെടെ എല്ലാ നാണ്യവിള ബോർഡുകളും കോർപ്പറേറ്റുകളുടെ ലാഭനേട്ടത്തിനുള്ള സ്ഥാപനങ്ങളാക്കി മാറ്റാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും സംഘടന ആരോപിച്ചു.

2023 സാമ്പത്തിക വർഷത്തിൽ ടാറ്റയും സ്റ്റാർബക്സും അവരുടെ ലാഭം മൂന്നിരട്ടി വർധിപ്പിച്ചിരുന്നുവെങ്കിലും ചെറുകിട കർഷകർ ഉൽപാദനച്ചെലവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കൊണ്ട് പ്രതിസന്ധി നേരിടുകയാണെന്ന് കാപ്പി കർഷക ഫെഡറേഷൻ പറഞ്ഞു.

കാപ്പിക്ക് ന്യായമായ താങ്ങുവില പ്രഖ്യാപിക്കണമെന്നും വന്യജീവി ആക്രമണങ്ങളിൽ നിന്ന് കാപ്പി കർഷകരെ സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.

ആദിവാസികളുടെ അവകാശങ്ങൾ അട്ടിമറിച്ച് വനസംരക്ഷണ നിയമം ദുർബലപ്പെടുത്താൻ ഉള്ള കേന്ദ്രം നീക്കം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഭൂമി അധികാർ ആന്തോളനും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Coffee Farmers Federation to take part in Gramin Bharat Bandh