കോഴിക്കോട്: കോലിബി സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ പണം വാങ്ങിയത് കോണ്‍ഗ്രസാണെന്ന് അന്ന് ബേപ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഗ് ബി.ജെ.പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. കെ. മാധവന്‍കുട്ടി.
വോട്ടുകച്ചവടത്തെ തുടര്‍ന്ന് ബി.ജെ.പിയില്‍നിന്ന് പടിയിറങ്ങേണ്ടിവന്ന പി.പി. മുകുന്ദന്‍ 10 വര്‍ഷത്തിനുശേഷം പാര്‍ട്ടി ആസ്ഥാനത്തേക്ക് തിരിച്ചുവന്ന അതേ ദിവസമാണ് മാധവന്‍കുട്ടി തന്റെ ഓര്‍മകള്‍ “മാധ്യമം” പത്രത്തോട് വീണ്ടും പങ്കുവെച്ചത്. കേരള രാഷ്ട്രീയത്തില്‍ എന്നും ചര്‍ച്ചാ ചര്‍ച്ചാവിഷയമായ കോലീബി സഖ്യം രൂപപ്പെട്ടത് 1991 ലെ തെരഞ്ഞെടുപ്പിലായിരുന്നു.
സഖ്യത്തിന്റെ രൂപവത്ക്കരണത്തിന് മുന്നില്‍നിന്നത് ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും മുസ്‌ലീം ലീഗിലെയും പ്രമുഖ നേതാക്കള്‍ തന്നെയായിരുന്നു.എന്നാല്‍ ഇതിന്റെയെല്ലാം തിക്തഫലം അനുഭവിച്ചത് മുകുന്ദനായിരുന്നെന്നും കെ. മാധവന്‍കുട്ടി വിശദീകരിക്കുന്നു.
കെ.കരുണാകരനും പാണക്കാട് ശിഹാബ് തങ്ങളും ബി.ജെ.പി നേതാക്കളുമടക്കം നിരവധി പേര്‍ പ്രചരണത്തിനായി ബേപ്പൂരെത്തിയിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ബേപ്പൂരിലെ 20 സ്ഥലങ്ങളില്‍ തനിക്കായി പ്രചരണത്തിനെത്തിയത് ഇന്നും തന്റെ മനസിലുണ്ടെന്ന് മാധവന്‍കുട്ടി പറയുന്നു.
1991 ല്‍ ബേപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം.പി ഗംഗാധരനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അഹല്യാശങ്കറുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.
എന്നാല്‍ സംസ്ഥാന അടിസ്ഥാനത്തില്‍ കോലിബി സഖ്യം രൂപപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ എം.പി. ഗംഗാധരനും ബി.ജെ.പിയുടെ അഹല്യാശങ്കറും മുസ്ലിം ലീഗിന്റെ അഡ്വ. കെ. ആലിക്കോയയും നോമിനേഷന്‍ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പിയുടെ നോമിനിയായി സ്വതന്ത്രകുപ്പായമിട്ട് കെ. മാധവന്‍കുട്ടി മത്സരരംഗത്തെത്തി.
സമാനമായ രീതിയില്‍ തന്നെയായിരുന്നു വടകര പാര്‍ലമെന്ററി മണ്ഡലത്തിലെ അവസ്ഥയും. പിന്നീട് അറ്റോര്‍ണി ജനറല്‍ വരെയായ അഡ്വ രത്‌നസിങ്ങിനെ ബി.ജെ.പി നിര്‍ദേശിച്ചപ്പോള്‍ പൊതുസ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസും മുസ്‌ലീം ലീഗും അംഗീകരിച്ചു. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. ഉണ്ണികൃഷ്ണന് തന്നെയായിരുന്നു വിജയം.
സി.പി.ഐ.എമ്മിലെ ടി.െക ഹംസയോട് 6,000 വോട്ടിനായിരുന്നു അന്ന് താന്‍ തോറ്റതെങ്കിലും അത് നല്ല പരീക്ഷണമായിരുന്നുവെന്ന് ഡോ. മാധവന്‍ കുട്ടി പറഞ്ഞു. ചെയ്തത് തെറ്റായിപ്പോയെന്ന് ഇപ്പോഴും തോന്നുന്നില്ല. എന്നാല്‍ ബേപ്പൂരില്‍ അന്ന് പറ്റിച്ചത് കോണ്‍ഗ്രസായിരുന്നു.
കൈയില്‍നിന്ന് ഏറ്റവും കൂടുതല്‍ പണം വാങ്ങിയതും അവര്‍തന്നെയായിരുന്നു. മുസ്ലിം ലീഗ് പോലും പറഞ്ഞ വോട്ട് തന്നു. വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന തന്നോട് ഇത് ചെയ്യുമെന്ന് കരുതിയില്ല. അവര്‍ക്ക് ഇന്നും മാറ്റമൊന്നുമില്ലെന്നും മാധവന്‍കുട്ടി പറയുന്നു.
മെഡിക്കല്‍ കോളജ് പ്രിസന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ച മാധവന്‍കുട്ടിയെ സ്വതന്ത്രനായാണ് ആദ്യം ബിജെപി ബേപ്പൂരില്‍ മത്സര രംഗത്ത് ഇറക്കിയത്. ഒരു നിയമസഭാ സീറ്റിലും ഒരു പാര്‍ലമെന്റ് സീറ്റിലും ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളെ യു.ഡി.എഫ് പിന്തുണയ്ക്കുവാനും മറ്റ് നാല്‍പത് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.ജെ.പി വോട്ടുചെയ്യുവാനുമായിരുന്നു ധാരണ.
കോണ്‍ഗ്രസും മുസ്‌ലിം ലീഗും ചേര്‍ന്ന് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള പദ്ധതിയില്‍ എങ്ങനെ സഹകരിച്ചുവെന്നതിന്റെ ചരിത്രം അന്നത്തെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി മാരാരുടെ ജീവചരിത്രപുസ്തകമായ രാഷ്ട്രീയത്തിലെ സ്‌നേഹസാഗര”ത്തില്‍, പാഴായ പരീക്ഷണം” എന്ന അധ്യായത്തില്‍ എഴുതിയിട്ടുണ്ട്.
ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുറ തെറ്റാതെ മത്സരിക്കുന്ന ബി.ജെ.പിയെ ജയം എന്ന ഭാഗ്യം കടാക്ഷിച്ചിട്ടേയില്ല. ഇതോടെ 1991ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചേ തീരൂ എന്ന ചിന്ത ശക്തിപ്പെട്ടു. അങ്ങനെയാണ് കോണ്‍ഗ്രസുമായി സഖ്യംചേരാന്‍ ബി.ജെ.പി തീരുമാനിക്കുന്നത്. ബി.ജെ.പിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസും ചിന്തിച്ചു.
കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രവാര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന നിലപാടായിരുന്നെങ്കില്‍ ബി.ജെ.പി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാണിച്ചു. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍ കുട്ടിയെ നിര്‍ത്താനും വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.
ധാരണയിലെ പരസ്യമായ ഈ നിലപാടിന് പുറമെ മഞ്ചേശ്വരത്ത് കെ.ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ. രാമന്‍ പിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. കെ.ജി മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസും ലീഗും നല്‍കുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെ തന്നെ അവര്‍ ചുമതലപ്പെടുത്തുകയും ചെയ്‌തെന്നും” കെ.ജി മാരാരുടെ രാഷ്ട്രീയത്തിലെ സ്‌നേഹ സാഗരത്തില്‍ പറയുന്നുണ്ട്.