ഭിന്നശേഷിക്കാരനാണ്, ചെവി, തൊണ്ട, ഹെര്‍ണിയ എന്നിവയ്ക്ക് സര്‍ജറി ചെയ്തിട്ടുണ്ട്, രണ്ട് തവണ ടി.ബി വന്നു; ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ ജനാര്‍ദ്ദനന്റെ ജീവിതം
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ രണ്ട് ലക്ഷം രൂപ തന്റെ സമ്പാദ്യവും മരിച്ച ഭാര്യയുടെ പേരിലുള്ള ഗ്രാറ്റുവിറ്റിയും ചേര്‍ന്നതായിരുന്നെന്ന് കണ്ണൂര്‍ സ്വദേശി ജനാര്‍ദ്ദനന്‍. 36 വര്‍ഷത്തോളം ദിനേശ് ബീഡിയില്‍ ജോലി ചെയ്ത ജനാര്‍ദ്ദനന്‍ 12 വര്‍ഷം മുമ്പാണ് കമ്പനിയില്‍ നിന്നും വിട്ടത്. ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.
സംസ്ഥാനത്ത് ഓരോ പ്രതിസന്ധിയുണ്ടാകുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് നീങ്ങുകയും ശക്തമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പിലാക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ വാക്കിനേ അതേ പടി നെഞ്ചിലേറ്റിയെന്നല്ലാതെ മറ്റൊന്നും താന്‍ ചെയ്തില്ലെന്ന് സംഭാവന നല്‍കിയതിനെ കുറിച്ച് ജനാര്‍ദ്ദനന്‍ പറയുന്നു.
മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മുഖ്യമന്ത്രി വാക്‌സിന്‍ സൗജന്യമായി കൊടുക്കുമെന്ന് ഒരു വശത്ത് പറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന് വില നിശ്ചയിക്കുകയും ചെയ്തു. അത് കേരളത്തിന് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമുള്ള വിലയാണ്. ഇത് മുഖ്യമന്ത്രിയെ കുടുക്കാന്‍ വേണ്ടിചെയ്തതാകാം എന്ന തോന്നല്‍ വരെ മനസ്സിലുണ്ടായി,’ ജനാര്‍ദ്ദനന്‍ പറയുന്നു.
ഭിന്നശേഷിക്കാരനായ ജനാര്‍ദ്ദനന്‍ ചെവി, തൊണ്ട, ഹെര്‍ണിയ എന്നിവയ്ക്ക് സര്‍ജറി ചെയ്തിട്ടുണ്ട്. രണ്ട് തവണ ടി.ബി പിടിപെടുകയും ചികിത്സിച്ച് മാറ്റുകയും ചെയ്തിട്ടുള്ള തനിക്ക് സര്‍ക്കാര്‍ ആശുപത്രികളോട് വലിയ കടപ്പാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘പണ്ടേക്ക് പണ്ടേ സ്വന്തം ജീവിതത്തില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഇതൊന്നും പുറത്ത് പറയാതിരുന്നത്,’ ജനാര്‍ദ്ദനന്‍ പറയുന്നു.
എല്ലാവരും മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി പ്രവര്‍ത്തിക്കേണ്ട കാലമാണെന്നും ഇടുങ്ങിയ ചിന്താഗതികളൊക്കെ മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരനാണ് താനെന്നും എന്നാല്‍ നൂറുശതമാനം കമ്മ്യൂണിസ്റ്റുകാരനല്ലെന്നും അദ്ദേഹം പറയുന്നു. ജീവന്‍ ത്യജിക്കാന്‍ തയ്യാറാകുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. തനിക്ക് അങ്ങനെയൊരു അവസരം ഉണ്ടായിട്ടില്ലെന്ന എന്നതാണ് താന്‍ 50 ശതമാനം മാത്രം കമ്മ്യൂണിസ്റ്റുകാരനാണ് എന്ന് പറയുന്നതിന് ജനാര്‍ദ്ദനന്‍ പറയുന്ന കാരണം.
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു ബാങ്ക് ജീവനക്കാരന്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജനാര്‍ദ്ദനന്‍ ആകെ അക്കൗണ്ടിലുണ്ടായ രണ്ട് ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് അയച്ച കഥ പുറംലോകമറിഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക