ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 80-20 വിവാദപരാമര്‍ശത്തെ ന്യായീകരിച്ച് ബി.ജെ.പി എം.എല്‍.എയും നോയിഡയില്‍ നിന്നുമുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ പങ്കജ് സിംഗ്. ഇന്ത്യയില്‍ ജീവിക്കുകയും എന്നാല്‍ പാകിസ്ഥാനെ സ്തുതിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് യോഗി പരാമര്‍ശിച്ചതെന്ന് പങ്കജ് പറഞ്ഞു.
ന്യൂസ് 18 ഡോട്ട് കോമിനോടായിരുന്നു പങ്കജിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയമാണെന്ന സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പങ്കജ് സിംഗ് പറഞ്ഞു. എസ്.പി എല്ലാം വര്‍ഗീയ കണ്ണിലൂടെയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘യോഗിജി പറഞ്ഞ 20 ശതമാനം പേര്‍ ഇവിടെ ജീവിക്കുകയും പാകിസ്ഥാനെ പ്രശംസിക്കുകയും ചെയ്യുന്നവരാണ്. ഇത് അംഗീകരിക്കാനാവില്ല. നിരവധി കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന് ഉത്തരവാദികളായ ആളുകളെ അഖിലേഷ് യാദവ് പ്രശംസിക്കുന്നു.
സമൂഹത്തെ ധ്രുവീകരിക്കുന്ന ആളുകളുടെ പേരുകള്‍ ഉപയോഗിക്കുന്നത് എസ്.പി നേതാക്കളാണ്. ജയിലുകളില്‍ നിന്ന് തീവ്രവാദികളെ മോചിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഒഴിവാക്കാനും അവര്‍ ശ്രമിക്കുന്നു. ദേശീയഗാനം പാടാന്‍ അവര്‍ മടിക്കുന്നു. നമ്മുടെ യുവാക്കള്‍ക്ക് എസ്.പിയെ അംഗീകരിക്കാന്‍ കഴിയില്ല,’ പങ്കജ് സിംഗ് പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. സംസ്ഥാനത്തെ ഹിന്ദു-മുസ്‌ലിം മതവിഭാഗത്തില്‍ പെട്ട ജനങ്ങള്‍ തമ്മിലുള്ള അനുപാതമാണ് 80, 20 എന്നിവ കൊണ്ട് യോഗി ഉദ്ദേശിച്ചത്.
യു.പിയില്‍ 80 ശതമാനത്തോളം (79.73) ഹിന്ദുക്കളും 20 ശതമാനത്തിനടുത്ത് (19.26) മുസ്‌ലിം മതവിശ്വാസികളുമാണുള്ളത്.
ഈ കണക്കിനെ എടുത്തുപറഞ്ഞ്, തെരഞ്ഞെടുപ്പിനെ ബി.ജെ.പി വര്‍ഗീയത ഉപയോഗിച്ച് നേരിടുമെന്ന കൃത്യമായ സൂചനയാണ് യോഗിയുടെ കമന്റ് പറയുന്നത്.
അതേസമയം തന്നെ യോഗിയെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥ് പരാമര്‍ശിച്ച 20 ശതമാനം ജനങ്ങള്‍ മുസ്ലിങ്ങളല്ലെന്നും, അങ്ങനെ വരുത്തിത്തീര്‍ക്കാനാണ് ഇവിടെ പലരും ശ്രമിക്കുന്നതെന്നുമാണ് ബി.ജെ.പി നേതാവായ അലോക് വട്‌സ് പറഞ്ഞത്.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ വെല്ലുവിളിയാണ് ബി.ജെ.പിക്ക് സമാജ്‌വാദി പാര്‍ട്ടി ഉയര്‍ത്തുന്നത്.
മന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിച്ചാണ് എസ്.പി തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടുന്നത്.
യോഗി മന്ത്രിസഭയിലെ പ്രബലനായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതോടെയായിരുന്നു ബി.ജെ.പിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.
യോഗി സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെയും ദളിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചിരുന്നു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഇതിന് പിന്നാലെയായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള പരിസ്ഥിതി-വനംവകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാന്‍ രാജിവെച്ചത്. ചൗഹാന് പിന്നാലെ യു.പി മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ധരംസിംഗ് സെയ്‌നിയും പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി വിട്ട മൂന്നാമത് മന്ത്രിയായ ധാരാ സിംഗ് ചൗഹാന്‍ ഔദ്യോഗികമായി എസ്.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പിയുമായി സഖ്യത്തിലുണ്ടായിരുന്ന അപ്നാ ദള്‍ എം.എല്‍.എയായ ആര്‍.കെ വര്‍മയും എസ്.പിയില്‍ ചേര്‍ന്നിരുന്നു.
യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.