തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്ന കാര്യത്തില്‍ ശ്രീനാരായണ ഗുരു മാതൃകയായെന്നും, എന്നാല്‍ ഗുരു അവസാനിപ്പിക്കാന്‍ ശ്രമിച്ച ദുരാചാരങ്ങള്‍ മടങ്ങി വരാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഗുരു പെരുമാറിയത് ജനാധിപത്യബോധത്തോടെയാണ്. ഗുരുവിന്റെ നിലപാട് തുടരണം, സമൂഹത്തെ പിന്നോട്ടടിപ്പിക്കാന്‍ അനുവദിച്ച് കൂടാ. നവോത്ഥാന ചിന്ത ഉയര്‍ത്തിപ്പിടിക്കണം. ഈ ദൗത്യം ഏറ്റെടുക്കേണ്ട മേഖലയില്‍ നിന്ന് അതില്ല എന്നത് ഖേദകരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കി മാറ്റുന്നുവെന്നത് നരബലിയില്‍ കാണാം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ അയഥാര്‍ത്ഥ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കരുത്. മനുഷ്യരുടെ ജീവിതത്തിലേക്ക് മാധ്യമങ്ങള്‍ ശ്രദ്ധതിരിക്കണം. മന്ത്രവാദം, ചാത്തന്‍സേവ തുടങ്ങിയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്. ജനങ്ങള്‍ കൂട്ടത്തോടെ ഇതിന് പിറകെ പോവുകയാണ്.
ദുരാചാരത്തിന്റെ ദുര്‍മൂര്‍ത്തികള്‍ ഉറഞ്ഞുതുള്ളുകയാണ്. നാടിന്റെ വികസനത്തെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകേണ്ട ഗുരുവിന്റെ കാഴ്ചപ്പാടാണ് സര്‍ക്കാരിനുമുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ശിവഗിരി തീര്‍ത്ഥാടനം എന്തിന് വേണ്ടിയെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, കൃഷി, ആരോഗ്യം തുടങ്ങിയവക്ക് വേണ്ടിയാണിത്. സാമൂഹ്യ പുരോഗതി ഈ രീതിയില്‍ മാത്രമേ വരുത്താനാകൂ എന്ന് ഗുരു പറഞ്ഞു.
മഞ്ഞ വസ്ത്രം എന്തിനാണെന്നതിന് ഗുരു തന്നെ പറഞ്ഞു. കാഷായ വസ്ത്രം എന്നത് അറിയാതെയല്ല മഞ്ഞ വസ്ത്രം എന്ന് പറഞ്ഞത്. തീര്‍ത്ഥാടനത്തില്‍ ആര്‍ഭാടം പാടില്ലെന്ന് ഗുരു പറഞ്ഞു.
മഞ്ഞ പട്ട് വേണ്ടെന്നും പറഞ്ഞു.വെള്ള മുണ്ട് മഞ്ഞളില്‍ മുക്കിയെടുത്താല്‍ മതി എന്ന് പറഞ്ഞു. ആര്‍ഭാടവും ഒച്ചപ്പാടുമുണ്ടാക്കി മലിനപ്പെടുത്തരുതെന്നും ഗുരു പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ ജീവിതം മുന്നോട്ട് വെച്ച സന്ദേശം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നിടത്തും ജീവിതത്തില്‍ പകര്‍ത്തുന്നിടത്തും ആണ് ശിവഗിരി തീര്‍ത്ഥാടനം അര്‍ത്ഥവത്താകുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടനം ഗുരുവിന്റെ നിര്‍ദേശ പ്രകാരം തന്നെയാണ് നടത്തുന്നത്. ശിവഗിരിക്ക് വേണ്ട പരിഗണന നല്‍കി വന്നിട്ടുണ്ട്. അത് ഇനിയും തുടരും. തീര്‍ത്ഥാടനത്തില്‍ പാളിച്ചയുണ്ടെങ്കില്‍ സന്യാസി ശ്രേഷ്ഠന്‍മാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.