'കേരളത്തിലെ യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ബി.ജെ.പിക്കെതിരെ നാവ് അനക്കിയില്ല'
Kerala News
'കേരളത്തിലെ യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ബി.ജെ.പിക്കെതിരെ നാവ് അനക്കിയില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th October 2023, 4:01 pm

തിരുവനന്തപുരം: കേരളത്തിൽ നിന്ന് പോയ കോൺഗ്രസ്‌ എം.പിമാർ പാർലമെന്റിൽ ബി.ജെ.പിക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും നേതൃത്വത്തിലുള്ള വർഗീയ വിഷയങ്ങളെ കോൺഗ്രസ്‌ എതിർത്തില്ലെന്ന് മാത്രമല്ല, സംഘപരിവാർ മനസോടെയാണ് പല മുതിർന്ന നേതാക്കളും നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘നമ്മുടെ കേരളത്തിൽ നിന്ന് പാർലമെന്റിൽ പോയ എം.പിമാരൊന്നും ബി.ജെ.പിയല്ല. ബി.ജെ.പി ഇതരരായ ആളുകൾ പാർലമെന്റിൽ പോയിട്ട് അതിനനുസരിച്ചുള്ള ഗുണം ഉണ്ടായോ? പാർലമെന്റിൽ ബി.ജെ.പിയെ ശക്തമായി എതിർക്കണം. രാജ്യത്ത് ബി.ജെ.പി സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന വർഗീയത പ്രോത്സാഹിപ്പിക്കുന്ന സമീപനത്തെ ശക്തമായി തുറന്നുകാണിക്കണം.

ഒരുപാട് പ്രശ്നങ്ങൾ ഈ കാലയളവിൽ ബി.ജെ.പി സ്പോൺസർ ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. ആ കാര്യങ്ങളിലെല്ലാം തികഞ്ഞ നിസ്സംഗതയാണ് ബി.ജെ.പി ഗവണ്മെന്റ് പാലിച്ചിട്ടുള്ളത്. അപ്പോൾ അതിനെ എതിർക്കാനും തുറന്നുകാണിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ഇതൊക്കെ കഴിഞ്ഞോ? ആ ഒരു പരിശോധന നടത്തിയാലാണ് കടുത്ത നിരാശയിൽ നമ്മളെത്തുക.

നമ്മുടെ സംസ്ഥാനത്ത് നിന്ന് പോയ എം.പിമാരിൽ 20ൽ ഇപ്പോൾ 18 പേരാണ് യു.ഡി.എഫിന്റെ ഭാഗമായിട്ടുള്ളത്. അവരാരും ബി.ജെ.പിക്ക് എതിരായി സംസാരിക്കുന്നത് നമ്മൾ കണ്ടിട്ടില്ല. ബി.ജെ.പിക്കെതിരെ നാക്ക് അനങ്ങിയില്ല. എന്തുകൊണ്ടാണത്?
ഇവിടെ ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിനുള്ള സാധാരണ ദൗർബല്യമുണ്ട്. അതായത് വർഗീയതയെ ശക്തമായി എതിർക്കുകയല്ല, അതുമായി സമരസപ്പെട്ട് പോവുകയാണ് എല്ലാ കാലത്തും കോൺഗ്രസ്‌ ചെയ്തിട്ടുള്ളത്.

രാജ്യത്ത് ഈ കാലയളവിൽ ഉയർന്നുവന്നിട്ടുള്ള ഒട്ടേറെ വർഗീയ വിഷയങ്ങളുണ്ട്. ആ വിഷയങ്ങളിൽ കോൺഗ്രസ്‌ പാർട്ടി നേരിട്ട് എതിർക്കാൻ പോയില്ല.
കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളടക്കം സ്വീകരിച്ച നിലപാട് സംഘപരിവാർ മനസോടെയുള്ളതായിരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: CM Pinarayi Vijayan accuses UDF MPs never uttered a word against BJP