ലോകകപ്പിനെക്കാൾ മികച്ചതാണ് ക്ലബ്‌ ഫുട്ബോൾ: ലിവർപൂൾ ഇതിഹാസ താരം
football news
ലോകകപ്പിനെക്കാൾ മികച്ചതാണ് ക്ലബ്‌ ഫുട്ബോൾ: ലിവർപൂൾ ഇതിഹാസ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th December 2022, 4:53 pm

ഫിഫ ലോകകപ്പ് ഫുട്ബോൾ ആരവം ഖത്തറിന്റെ മണ്ണിൽ അവസാനിച്ചിരിക്കുകയാണ്. രാജ്യാന്തര മത്സരങ്ങളിൽ മികവുറ്റ പ്രകടങ്ങൾ നടത്തിയ ശേഷം താരങ്ങൾ അവരുടെ ക്ലബ്ബുകളിലേക്ക് മടങ്ങിപ്പോയികൊണ്ടിരിക്കുകയാണ്.

ഒരു ഇടവേളക്ക് ശേഷം ഡിസംബർ, ജനുവരി മാസങ്ങളിലായി വീണ്ടും ക്ലബ്ബ് ഫുട്ബോളിന് അരങ്ങൊരുങ്ങുകയാണ്.

ഇതിന് മുന്നോടിയായി ആരംഭിച്ച ഇംഗ്ലണ്ടിലെ വിവിധ ക്ലബ്ബുകൾ പങ്കെടുക്കുന്ന ഇ.എഫ്. എൽ (കരബാവോ)കപ്പ്‌ ടൂർമെന്റിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ടൂർമെന്റിലെ സെമി ഫൈനൽ ബെർത്ത്‌ ഉറപ്പിച്ച് കഴിഞ്ഞു.

അതിൽ തന്നെ ആരാധകർ കാത്തിരുന്ന മത്സരമായിരുന്നു ലിവർപൂളും-മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള പ്രീ ക്വാർട്ടർ മത്സരം. മത്സരത്തിൽ ലിവർപൂളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് മാൻസിറ്റി സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്.

എന്നാലിപ്പോൾ ലിവർപൂൾ-സിറ്റി മത്സരം ലോകകപ്പിനെക്കാൾ മികച്ചതായിരുന്നു എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ലിവർപൂൾ ഇതിഹാസ താരം ജെമീ കരാഗർ. ‘തികച്ചും ഗംഭീരം’ എന്നാണ് ലിവർപൂൾ-സിറ്റി മത്സരത്തെ കരാഗർ വിശേഷിപ്പിച്ചത്.

‘രണ്ട് ടീമുകളെയും അതിന്റെ പരിശീലകരെയും ഞാൻ ആദരിക്കുന്നു.വളരെ മികച്ചൊരു മത്സരം നമുക്ക് ഇവിടെ കാണാൻ സാധിച്ചു. ഒരിഞ്ച് പോലും വിട്ട് കൊടുക്കാതെയായിരുന്നു ഇരു ടീമുകളും കളിച്ചത്. സിറ്റി തന്നെയാണ് മത്സരത്തിലെ മികച്ച ടീം. പക്ഷെ ലിവർപൂൾ പുറത്തെടുത്ത പോരാട്ടവീര്യത്തെ നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. ഭാഗ്യത്തിന് നമ്മൾ ഈ മത്സരം മിസ് ചെയ്തില്ല,’ അദ്ദേഹം പറഞ്ഞു.

‘രാജ്യാന്തര ഫുട്ബോളുമായി താരതമ്യം ചെയ്യുമ്പോൾ ക്ലബ്ബ് ഫുട്ബോൾ വേറെ ലെവലാണ്. രാജ്യങ്ങൾ പരസ്പരം മത്സരിക്കുകയും അതിൽ അർജന്റീന വിജയിക്കുകയും ചെയ്യുന്നതൊക്കെ നമ്മൾ കണ്ടു എന്നത് ശരി തന്നെ. അതിൽ വൈകാരികതയുടെ അംശവും ഉണ്ട്. പക്ഷെ കളിയുടെ നിലവാരം ഇന്നത്തെ സിറ്റി-ലിവർപൂൾ മത്സരവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ലോകകപ്പിന്റെ നിലവാരം വളരെ താഴെയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവെ രാജ്യാന്തര മത്സരങ്ങളെക്കാൾ നിലവാരമുള്ളതും, കാണാൻ രസമുള്ളതുമായ മത്സരങ്ങൾ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങളാണെന്നത് ആരാധകർ വളരെ കാലമായി ഉന്നയിക്കുന്ന കാര്യമാണ്.

കൂടാതെ കരബാവോ കപ്പിലെ സിറ്റി-ലിവർപൂൾ മത്സരത്തെ പ്രശംസിച്ച് നിരവധി ആരാധകരും രംഗത്ത് വന്നിരുന്നു. ഒരു ഇടവേളക്ക് ശേഷം ആരംഭിച്ച ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ ആവേശകരമായിരുന്നു എന്നാണ് ഫുട്ബോൾ ആരാധകർ മത്സരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

അതേസമയം പ്രീമിയർ ലീഗിൽ സിറ്റി ലിവർപൂളിന് മുന്നിൽ പരാജപ്പെട്ടിരുന്നു. ലീഗ് ടേബിളിൽ സിറ്റി രണ്ടാമതും ലിവർപൂൾ ആറാമതുമാണ്.

 

Content Highlights:Club football is better than the World Cup: Liverpool legend