ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളിലേക്ക് സര്‍ക്കാര്‍; അധ്യാപകര്‍ നേരിട്ടെത്തും
Kerala News
ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളിലേക്ക് സര്‍ക്കാര്‍; അധ്യാപകര്‍ നേരിട്ടെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st May 2020, 7:58 am

കോഴിക്കോട്: ലോക്ഡൗണില്‍ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ എന്തുചെയ്യും എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതിന് പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് സമഗ്രശിക്ഷാ അഭിയാന്‍. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് അധ്യാപകര്‍ നേരിട്ടെത്തി ക്ലാസുകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനാണ് അധ്യാപകര്‍ നേരിട്ടെത്തുക. കോഴിക്കോട് ജില്ലയിലെ എസ്.എസ്.എല്‍.സി. പ്ലസ് ടു വിഭാഗത്തിലെ 1500 വിദ്യാര്‍ത്ഥികള്‍ക്കാണ് വീട്ടിലോ സമീപ കേന്ദ്രങ്ങളിലോ എത്തി പരിശീലനം നല്‍കുന്നത്. സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടികള്‍.

15 ബി.ആര്‍.സികള്‍ക്ക് കീഴില്‍ 34 സെന്ററുകളാണ് ഇതിനായി ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത്. വടകരയിലാണ് ഏറ്റവുമധികം സെന്ററുകളുള്ളത്. വീടുകളിലേക്കോ അങ്കണവാടി, വായനശാല തുടങ്ങിയ സ്ഥലങ്ങളിലേക്കോ അധ്യാപകരെത്തിയാണ് പഠനം.

കൊവിഡ് മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചാണ് സജ്ജീകരണങ്ങള്‍ നടത്തുക. പരീക്ഷ ആരംഭിക്കുന്നതുവരെ പരിശീലനങ്ങള്‍ തുടരുമെന്ന് എസ്.എസ്.എ ജില്ലാ കോഡിനേറ്റര്‍ എ.കെ അബ്ദുള്‍ ഹക്കീം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക