സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍ഗാമികള്‍ക്ക് തൊഴില്‍ സംവരണം; ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം
World News
സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍ഗാമികള്‍ക്ക് തൊഴില്‍ സംവരണം; ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2024, 2:50 pm

ധാക്ക: ബംഗ്ലാദേശ് സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ രാജ്യത്തെ നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. സര്‍ക്കാര്‍ ജോലിയിലേക്കുള്ള പ്രത്യേക സംവരണം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. തുടര്‍ച്ചയായ നാലാം വിജയത്തിന് ശേഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേരിടുന്ന ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഇത്.

സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരും ഭരണകക്ഷിയിലെ വിശ്വസ്തരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് രാജ്യത്തുടനീളമായി ഏറ്റുമുട്ടിയത്.

രാജ്യത്തെ ഭൂരിഭാഗം സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കല്ലേറ് നടന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ പരസ്പരം ഇരുമ്പ് വടികള്‍ ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍ഗാമികള്‍ക്ക് 30 ശതമാനം തൊഴില്‍ സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമാരംഭിച്ചത്. പിന്നാലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ‘പ്രതിഷേധങ്ങളെ അട്ടിമറിക്കാന്‍ ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. അതിനാല്‍ സര്‍ക്കാരിനെതിരായ പ്രതിഷേധ റാലികള്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്നു,’ എന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നിഷേധിച്ച പ്രധാനമന്ത്രി, വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് മറുപടി നല്‍കിയത്. തൊഴില്‍ സംവരണം നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ 1971ലെ സ്വാതന്ത്ര്യസമര കാലത്ത് പാക് സൈന്യവുമായി സഹകരിച്ച ‘റസാക്കാര്‍’ ആണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

അതേസമയം നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയുടെ നേതൃത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെ രാജ്യത്തുടനീളമായി പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Content Highlight: Clashes over government job quota injure over 100 students in Bangladesh