ന്യൂദല്‍ഹി: ഹെല്‍മറ്റോ മാസ്‌ക്കോ സാമൂഹ്യ അകലമോ പാലിക്കാതെ ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണില്‍ ഇരുന്ന് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ ചിത്രം വിവാദത്തില്‍.
നാഗ്പൂരില്‍ വെച്ച് എടുത്ത ചിത്രമാണ് വിവാദത്തിലായത്. കൊവിഡിനെ തുടര്‍ന്ന് രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ മാസ്‌കോ സാമൂഹ്യ അകലമോ പാലിക്കാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ രംഗത്തെത്തിയത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചൂണ്ടിക്കാട്ടിയത്.
ബൈക്കുകളോട് തനിക്കുള്ള പ്രിയം നേരത്തെ തന്നെ തുറന്നുപറഞ്ഞ ആളാണ് എസ്.എ ബോബ്‌ഡെ. ഹാര്‍ലി ഡേവിഡ്‌സണ്ണിന്റെ ലിമിറ്റഡ് എഡിഷനായ സി.വി.ഒ 2020 മോഡലിലാണ് ചീഫ് ജസ്റ്റിസ് ഇരുന്നത്.
എന്നാല്‍ ബൈക്ക് ചീഫ് ജസ്റ്റിസിന്റേതല്ല. നാഗ്പൂരിലെ ബി.ജെ.പി നേതാവായ സൊമ്പ മുസാലെയുടെ മകന്‍ രോഹിത് സൊമ്പാജി മുസാലെയുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മത്സരിച്ചയാളാണ് ഇദ്ദേഹം.
സി.ജെ.ഐ ബോബ്‌ഡെയുടെ ജന്മനാട് നാഗ്പൂരിലാണ്. കൊവിഡ് പശ്ചാത്തലത്തില്‍ കുറച്ചുനാളുകളായി അദ്ദേഹം സ്വന്തം വസതിയിലാണ്.
അതേസമയം ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരെ ട്വിറ്ററില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നിയമങ്ങള്‍ക്ക് പാവപ്പെട്ടവര്‍ക്ക് മാത്രമാണോ ബാധകമെന്നും നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഇത്തരം കാര്യങ്ങളെന്നുമാണ് ചിലരുടെ പ്രതികരണം.
Chief Justice Of India (CJI) S A Bobde in a new Avatar with Harley Davidson mobike is super cool, but, where is the mask, My Lord!? Pls forgive me for asking this question, as you are an example for others to follow. pic.twitter.com/tP57pnfqlp