വിമര്‍ശനമൊക്കെയാവാം, പക്ഷേ മോഹന്‍ലാലിനെതിരെ നടത്തിയത് അനാവശ്യ പ്രസ്താവനയായിപ്പോയി; രഞ്ജിത്തിനെതിരെ വേണു
Entertainment
വിമര്‍ശനമൊക്കെയാവാം, പക്ഷേ മോഹന്‍ലാലിനെതിരെ നടത്തിയത് അനാവശ്യ പ്രസ്താവനയായിപ്പോയി; രഞ്ജിത്തിനെതിരെ വേണു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th January 2024, 4:47 pm

മലയാളത്തിലെ സീനിയര്‍ ഛായാഗ്രഹകരില്‍ ഒരാളാണ് വേണു. 1983ല്‍ പ്രേം നസീറിനെ കാണ്മാനില്ല എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായ വേണു 40 വര്‍ഷത്തെ കരിയറില്‍ ആറോളം ഭാഷകളിലായി അമ്പതിലധികം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും നാല് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.


പദ്മരാജന്‍, കെ.ജി.ജോര്‍ജ്, ഭരതന്‍ തുടങ്ങിയ സംവിധായകരുമായി നിരവധി ചിത്രങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. ഈയിടെ സംവിധായകന്‍ രഞ്ജിത് മോഹന്‍ലാലിനെപ്പറ്റി നടത്തിയ പരാമര്‍ശത്തെപ്പറ്റി വേണു പ്രതികരിക്കുണ്ടായി ‘വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ്. വിമര്‍ശിക്കാനുള്ള അവകാശം ഏതൊരു പ്രേക്ഷകനുമുണ്ട്. എന്നാല്‍ രഞ്ജിത് നടത്തിയതിനെ വിമര്‍ശനമെന്ന് പറയാനാകില്ല. വെറും അനാവശ്യ പ്രസ്താവന മാത്രമാണ് അത്. ഒരു പ്രസക്തിയുമില്ലാത്ത കാര്യമാണ് രഞ്ജിത് പറഞ്ഞത്’ വേണു പറഞ്ഞു.

 


തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ കൈകാര്യം ചെയ്ത രീതി മോശമായിരുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്  അഭിപ്രായപ്പെട്ടിരുന്നു. ഇതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു വേണു

‘വലിയ സിനിമകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഏറ്റവും കഷ്ടപ്പെടുന്നത്. വളരെ ചലഞ്ചിങ് ആണെന്ന് പറയാം. രാജീവ് മേനോന്റെ മിന്‍സാരക്കനവ് എന്ന സിനിമയാണ് ഞാന്‍ അത്തരത്തില്‍ വര്‍ക്ക് ചെയ്ത ആദ്യത്തെ സിനിമ. അതിലെ വെണ്ണിലവേ എന്ന ഗാനത്തിന് ലൈറ്റ് സെറ്റ് ചെയ്തത് അന്നത്തെ കാലത്ത് എനിക്ക് വലിയ ചലഞ്ചിങ് ആയിരുന്നു,’  ചെയ്ത വര്‍ക്കുകളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ വര്‍ക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് വേണു മറുപടിനല്‍കി.


അമ്മ അറിയാന്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ സിനിമകളുടെ ഛായാഗ്രഹണത്തിന് 1986ലെ ദേശീയ അവാര്‍ഡിന് വേണു അര്‍ഹനായി. എ.കെ സാജന്‍ സംവിധാനം ചെയ്ത പുലിമടയാണ് വേണു ഏറ്റവുമൊടുവില്‍ ക്യാമറചലിപ്പിച്ച ചിത്രം.

Content Highlight: Cinematographer Venu’s reply on Ranjith-Mohanlal issue