അടുത്ത ജെയിംസ് ബോണ്ട് സിനിമ താന്‍ സംവിധാനം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി ക്രിസ്റ്റഫര്‍ നോളന്. ജെയിംസ് ബോണ്ട് സിനിമ നോളന് സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലേക്ക് നോളന് വരുമെന്ന അഭ്യൂഹങ്ങള്‍ വന്നപ്പോള്‍ കഴിഞ്ഞ ഒക്ടോബറില്‍ നോളന്റെ പ്രതിനിധി അത് നിഷേധിച്ചിരുന്നു. അത് വെറും ഫാന്റസിയാണ് എന്നാണ് അന്ന് പറഞ്ഞത്.
അതേസമയം നോളന് അന്ന് പ്രതികരിച്ചിരുന്നില്ല. പിന്നീട് അടുത്ത ജെയിംസ് ബോണ്ട് സിനിമ വരുന്നുവെന്ന വാര്‍ത്തകള്‍ ചര്‍ച്ചയായതോടെയായിരുന്നു വീണ്ടും നോളനെ ചുറ്റിപറ്റിയുള്ള അഭ്യൂഹങ്ങള്‍ വര്‍ധിച്ചത്.
ഇപ്പോള്‍ ഓപ്പണ്‍ഹൈമറിന്റെ ഹോം വീഡിയോ റിലീസ് പ്രൊമോട്ട് ചെയ്യുന്നതിനിടയില്‍ ഒരു അഭിമുഖത്തിലാണ് നോളന് അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. അഭിമുഖത്തില്‍ അടുത്ത ബോണ്ട് സിനിമ നോളന് സംവിധാനം ചെയ്യുന്നുണ്ടോ എന്ന ചോദ്യം ഉയരുകയായിരുന്നു.
മറുപടിയായി ‘ഇല്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. ‘ആ റൂമറില്‍ സത്യമില്ല, പക്ഷേ ഹോളിവുഡിലെ സമരം അവസാനിച്ചതില്‍ ഞാന്‍ വളരെ ത്രില്ലിലാണ്, എല്ലാവര്ക്കും ഇനി വര്‍ക്കില്‍ പ്രവേശിക്കാം,’ എന്ന് നോളന് കൂട്ടിചേര്‍ത്തു.
ഇന്റര്‍സ്റ്റെല്ലര്‍, ഓപ്പണ്‍ഹൈമര്‍, ദ ഡാര്‍ക്ക് നൈറ്റ് എന്നിവയുള്‍പ്പെടെയുള്ള ഹിറ്റ് സിനിമകള്‍ ചെയ്ത സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്. ഹോളിവുഡിലെ ഏറ്റവും പ്രശസ്തനായ നോളനാകും ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ അടുത്ത സംവിധായകനെന്ന് പല എന്റര്‍ടൈയ്മെന്റ് മീഡിയകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Christopher Nolan Direct Next James Bond Film; Nolan Responded To The Rumours