സ്വന്തം ടീമിലുള്ളവന്‍ അടിച്ചിട്ടു, അവസരമുണ്ടായിട്ടും പുറത്താകാതെ ബൗളര്‍; പല മുന്‍നീര ടീമുകളും കണ്ടുപഠിക്കേണ്ട ക്രിക്കറ്റ് സ്പിരിറ്റ്
Sports News
സ്വന്തം ടീമിലുള്ളവന്‍ അടിച്ചിട്ടു, അവസരമുണ്ടായിട്ടും പുറത്താകാതെ ബൗളര്‍; പല മുന്‍നീര ടീമുകളും കണ്ടുപഠിക്കേണ്ട ക്രിക്കറ്റ് സ്പിരിറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd June 2024, 9:44 pm

വൈറ്റാലിറ്റി ബ്ലാസ്റ്റിലെ കെന്റ് സ്പിറ്റ്ഫയേഴ്‌സ് – ഹാംഷെയര്‍ ഹോക്‌സ് മത്സരത്തില്‍ ക്രിക്കറ്റ് സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് സൂപ്പര്‍ താരം ക്രിസ് വുഡ്. പരിക്കേറ്റ് വീണ എതിരാളിയെ അവസരമുണ്ടായിട്ടും പുറത്താക്കാതെയാണ് താരം ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടം നേടിയത്.

കെന്റ് ഇന്നിങ്‌സിലെ അവസാന ഓവറില്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ജോയ് എവിസണെതിരെ വുഡ് ഒരു ഫുള്‍ ലെങ്ത് ഡെലിവെറി തൊടുത്തുവിടുകയായിരുന്നു. പന്തില്‍ ഷോട്ട് കളിച്ച എവിസണ് പിഴച്ചു. ശക്തിയായി അടിച്ച ആ ഷോട്ട് ചെന്നുകൊണ്ടത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ മാറ്റ് പാര്‍കിന്‍സണിന്റെ ദേഹത്തും.

ഇതിനോടകം തന്നെ സിംഗിള്‍ ഇനിഷ്യേറ്റ് ചെയ്ത പാര്‍കിന്‍സണ്‍ ഏകദേശം പിച്ചിന്റെ നടുവിലെത്തിയിരുന്നു. അടിയേറ്റ താരം നിലത്ത് വീണുപോവുകയയിരുന്നു. താഴെ വീണ പന്ത് പെട്ടെന്ന് തന്നെ കളക്ട് ചെയ്ത ക്രിസ് വുഡ് താരത്തെ റണ്‍ ഔട്ടാക്കുമെന്ന് തോന്നിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താതെ പോവുകയായിരുന്നു.

താരത്തിന്റെ പ്രവൃത്തിയില്‍ ക്രിക്കറ്റ് ലോകമൊന്നാകെ അഭിനന്ദനമറിയിക്കുകയാണ്.

അതേസമയം, മത്സരത്തില്‍ ഹാംഷെയര്‍ ഹോക്‌സ് വിജയിച്ചു. ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കി നില്‍ക്കെവെയായിരുന്നു ഹോക്‌സിന്റെ ജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കെന്റ് സ്പിറ്റ്ഫയേഴ്‌സ് ക്യാപ്റ്റന്‍ സാം ബില്ലിങ്‌സിന്റെയും ഡാനിയല്‍ ബെല്‍-ഡ്രുമോണ്ടിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 165 റണ്‍സ് നേടി.

ബില്ലിങ്‌സ് 30 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ 27 പന്തില്‍ 42 റണ്‍സാണ് ഡ്രുമോണ്ട് നേടിയത്. 15 പന്തില്‍ 20 റണ്‍സടിച്ച സാക്ക് ക്രോളിയാണ് കെന്റിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഹാംഷെയറിനായി ക്രിസ് വുഡ്, ബെന്നി ഹോവെല്‍, ലിയാം ഡോവ്‌സണ്‍, ജെയിംസ് ഫുള്ളര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ജോണ്‍ ടര്‍ണര്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോക്‌സ് ജോ വെതര്‍ലി, ക്യാപ്റ്റന്‍ ജെയിംസ് വിന്‍സ്, ജെയിംസ് ഫുള്ളര്‍ എന്നിവരുടെ കരുത്തില്‍ വിജയം സ്വന്തമാക്കി. വെതര്‍ലി 32 പന്തില്‍ 49 റണ്‍സ് നേടിയപ്പോള്‍ വിന്‍സ് 34 പന്തില്‍ 35 റണ്‍സും ഫുള്ളര്‍ 16 പന്തില്‍ 30 റണ്‍സും സ്വന്തമാക്കി.

ഒടുവില്‍ 19.5 ഓവറില്‍ ഹാംഷെയര്‍ വിജയം സ്വന്തമാക്കുകയായിരുന്നു. സീസണില്‍ ഹോക്‌സിന്റെ ആദ്യ ജയമാണിത്.

കെന്റിനായി ജോയ് എവിസണ്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാറ്റ് പാര്‍കിന്‍സണ്‍, ബെയേഴ്‌സ് സ്വാന്‍പിയോള്‍, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ഗ്രാന്റ് സ്റ്റുവര്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ജൂണ്‍ ഏഴിനാണ് ഹാംഷെയറിന്റെ അടുത്ത മത്സരം. സീറ്റ് യുണീക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗ്ലോസ്റ്റര്‍ഷെയറാണ് എതിരാളികള്‍.

 

Content highlight: Chris Wood’s Sportsmanship in Vitality Blast