ഫലം വന്നതിന് പിന്നാലെ പേരിലെ ചൗകിദാര്‍ എടുത്തു മാറ്റി നരേന്ദ്ര മോദി
2019loksabhaelection
ഫലം വന്നതിന് പിന്നാലെ പേരിലെ ചൗകിദാര്‍ എടുത്തു മാറ്റി നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 6:56 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ചൗകിദാര്‍ എന്ന പ്രയോഗം നീക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ നിന്ന് എടുത്തു മാറ്റുകയാണെങ്കിലും ഇത് തന്നില്‍ നിന്ന് എടുത്ത് മാറ്റാന്‍ കഴിയാത്ത ഗുണമായി നിലനില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

‘ചൗകിദാര്‍ വികാരം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാന്‍ നേരമായി. ഈ വികാരം അതേ പോലെ നിലനിര്‍ത്തുകയും, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും വേണം. ട്വിറ്ററില്‍ നിന്നും ചൗകിദാര്‍ എന്ന പ്രയോഗം നീക്കം ചെയ്യുകയാണ്, എന്നാല്‍ എന്നില്‍ നിന്നും എടുത്തു മാറ്റാന്‍ കഴിയാത്ത ഗുണമായി ഇത് നിലനില്‍ക്കും. എല്ലാവരും ഇതു തന്നെ ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു’- നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

‘ഇന്ത്യയെ ജാതീയതയുടേയും, വര്‍ഗീയതയുടേയും, അഴിമതിയുടേയും, സ്വജനപക്ഷപാതത്തിന്റേയും തിന്മകളില്‍ നിന്ന് രക്ഷിക്കുന്നതിന്റെ പ്രതീകമായി ചൗകിദാര്‍ മാറിയിരിക്കുന്നു’- മറ്റൊരു ട്വീറ്റില്‍ മോദി കുറിക്കുന്നു.

റഫാല്‍ അഴിമതിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടു വന്ന ചൗകിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യത്തെ മറികടക്കാന്‍ വേണ്ടിയാണ് മോദി മേം ഭി ചൗകിദാര്‍ (ഞാനും കാവല്‍ക്കാരനാണ്) എന്ന ഹാഷ്ടാഗ് ക്യാമ്പയ്നിന് തുടക്കം കുറിച്ചത്.

ക്യാമ്പയ്ന്‍ ആരംഭിക്കുന്നതിന് മുമ്പ് മോദി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു. ”നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി നിന്നു കൊണ്ട് രാജ്യത്തെ സേവിക്കുന്നു. എന്നാല്‍ ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെയും, സമൂഹിക തിന്മകള്‍ക്കെതിരെയും പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിനെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാരണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവല്‍ക്കാരനാണെന്ന്”.

തെരഞ്ഞെടുപ്പ് റാലികളിലും മറ്റും മോദി തന്നെ രാജ്യത്തിന്റെ കാവല്‍ക്കാരനായി ആണ് സ്വയം അവതരിപ്പിക്കാറ്. ഇതിനെ പരിഹസിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് കാവല്‍ക്കാരന്‍ കള്ളനാണെന്ന് മുദ്രാവാക്യത്തിന് രൂപം കൊടുത്തത്.