ഷാജഹാന്‍പുര്‍: ലൈംഗികാക്രമണ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളായ ഡി.പി.എസ് റാത്തോഡ്, അജിത് സിങ് അടക്കം ആറുപേര്‍ക്കെതിരെ കുറ്റപത്രം.
ഉത്തരപ്രദേശ് ബി.ജെ.പി വൈസ് പ്രസിഡന്റ് ജെ.പി.എസ് റാത്തോഡിന്റെ സഹോദരനാണ് ഡി.പി.എസ് റാത്തോഡ്. ചിന്മയാനന്ദിന് എതിരായ ലൈംഗികാക്രമണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തന്നെയാണ് ഈ കേസിലും കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.
ബുധനാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ലൈംഗികാക്രമണ കേസിലെ പരാതിക്കാരിയില്‍ നിന്ന് തട്ടിയെടുത്ത പെന്‍ഡ്രൈവ് റാത്തോഡ്, അജിത് സിങ് എന്നിവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
‘കേസിന്റെ അന്വേഷണം പൂര്‍ത്തിയായി. ബുധാനാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ലൈംഗികാക്രമണം നേരിട്ട നിയമ വിദ്യാര്‍ഥിയില്‍ നിന്നും കാണാതെപോയ പെന്‍ഡ്രൈവ് പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.’- പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ അറോറ പറഞ്ഞു.
പെന്‍ഡ്രൈവ് തട്ടിയെടുത്ത് അതിലെ ദൃശ്യങ്ങള്‍ ലാപ്ടോപ്പില്‍ ഇട്ടു കാണുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍ 1.25 കോടി ചിന്മയാനന്ദ് നല്‍കണമെന്നുമായിരുന്നു റാത്തോഡും അജിത് സിങ്ങും ആവശ്യപ്പെട്ടത്.
ചിന്മയാനന്ദിനെതിരെ ലൈംഗികാക്രമണ പരാതി നല്‍കിയ നിയമ വിദ്യാര്‍ഥി, സഞ്ജയ്, വിക്രം, സച്ചിന്‍ എന്നിവരുടെ പേരുകളാണ് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ക്ക് പുറമെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ സെപ്റ്റംബര്‍ 21 ന് ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തിരുന്നു.