ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതി അറസ്റ്റില്‍
ലക്നൗ: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ നിയമവിദ്യാര്‍ഥിയെ അറസ്റ്റുചെയ്തു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ഥിക്കെതിരെയുള്ള കേസ്. യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതിയെ ഇന്നലെ കോടതിയിലേക്ക് പോകുന്നവഴി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നിയമവിദ്യാര്‍ഥി സമര്‍പ്പിച്ച ജാമ്യാപേക്ഷ പ്രാദേശിക കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഉത്തര്‍പ്രദേശ് പൊലീസ് രൂപീകരിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും യുവതിയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്നു യുവതി. ഒരു വര്‍ഷത്തോളമായി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നായിരുന്നു ചിന്മായാനന്ദിനെതിരെ യുവതി നല്‍കിയ പരാതി.
ചിന്മയാനന്ദിന്റെ പരാതിയില്‍ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനേയും പൊലീസ് മുന്നെ അറസ്റ്റു ചെയ്തിരുന്നു.
അറസ്റ്റു തടയണമെന്ന ആവശ്യവുമായി യുവതി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കേസില്‍ പ്രതികളായ സഞ്ജയ് സച്ചിന്‍ വിക്രം എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഭീഷണിപ്പെടുത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം സച്ചിനേയും വിക്രമിനേയും 95 മണിക്കൂര്‍ നേരത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
ഉന്നാവോ പെണ്‍കുട്ടിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച കാര്‍ അപകടപ്പെടുത്തുകയും ചെയ്തതിനു സമാനമാണ ചിന്മയാനന്ദിനെതിരെയുള്ള ലൈംഗികാരോപണ പരാതിയില്‍ യുവതിയെ അറസ്റ്റുചെയ്ത നടപടി.