റഷ്യയുമായുള്ള ബന്ധം തടസപ്പെടുത്തുന്നതിൽ യു.എസിന് മുന്നറിയിപ്പ് നൽകി ചൈന
Worldnews
റഷ്യയുമായുള്ള ബന്ധം തടസപ്പെടുത്തുന്നതിൽ യു.എസിന് മുന്നറിയിപ്പ് നൽകി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 12:37 pm

ബീജിങ്: റഷ്യയുമായുള്ള ബന്ധം തടസപ്പെടുത്തുന്നതിനെതിരെ യു.എസിന് മുന്നറിയിപ്പ് നൽകി ചൈന. സമത്വത്തിലും  പരസ്പര സഹകരണത്തിലും അധിഷ്ഠിതമായ ബീജിങ്ങും മോസ്കോയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര സഹകരണം വാഷിങ്ടൺ തകർക്കരുതെന്നായിരുന്നു ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു പറഞ്ഞത്. വാർത്ത ഏജൻസിയായ ടാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രെയ്‌നിനെതിരായ മോസ്കോയുടെ സൈനിക നടപടിയെ ബീജിംങ് പിന്തുണയ്ക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് അസിസ്റ്റൻ്റ് സെക്രട്ടറി ഡാനിയൽ ക്രിറ്റെൻബ്രിങ്ക് പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന.

‘റഷ്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും സാധാരണ സാമ്പത്തിക, വ്യാപാര വിനിമയത്തിൽ ഏർപ്പെടാനുള്ള ചൈനയുടെ അവകാശത്തിൻ മേൽ കടന്നു കയറാനുള്ള അവകാശം ഒരു രാജ്യത്തിനും ഇല്ല. വാഷിങ്ടൺ അനാവശ്യമായി അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിക്കുകയാണ്,’ ലിയു പെൻഗ്യു പറഞ്ഞു.

ഇത്തരത്തിലുള്ള കാര്യങ്ങൾ ഉന്നയിക്കുന്നത് വഴി ഉക്രൈന് വേണ്ടിയുള്ള ക്യാമ്പയിൻ നടത്തുകയാണ് അമേരിക്ക ചെയ്യുന്നതെന്നും നിരുത്തരവാദപരവും കപടവുമായതുമായ അത്തരം സമീപനങ്ങളെ ചൈന ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉക്രൈയിൻ സംഘർഷവുമായി ബന്ധപ്പെട്ട് ചൈന എല്ലായ്‌പോഴും വസ്തുനിഷ്ഠമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും സമാധാന ചർച്ചകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങൾ സംഘർഷങ്ങൾ വർധിപ്പിച്ച് സ്വാർത്ഥ നേട്ടങ്ങൾ ഉണ്ടാക്കുകയോ ഇരുപക്ഷത്തിനും ആയുധം നൽകുകയോ ചെയ്യുന്നില്ല. റഷ്യയെയും ഉക്രയ്‌നെയും സമാധാന ചർച്ചകൾക്കായി കൊണ്ട് വരാൻ പാശ്ചാത്യ ശക്തികൾ ശ്രമിക്കണം,’ ലിയു പെൻഗ്യു കൂട്ടിച്ചേർത്തു.

നിലവിൽ ചൈനയും റഷ്യയും വ്യാപാരം എക്കാലത്തെയും ഉയർന്ന നിലയിലെത്തി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, ചൈനയിൽ നിന്നുള്ള റഷ്യൻ ഇറക്കുമതി ഏകദേശം 47% ഉയർന്ന് 111 ബില്യൺ ഡോളറായി, ചൈനയിലേക്കുള്ള കയറ്റുമതി 12.7% വർദ്ധിച്ച് 129 ബില്യൺ ഡോളറായി. 2030 ഓടെ മോസ്കോയും ബീജിംഗും 300 ബില്യൺ ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം, റഷ്യയെ സഹായിക്കുന്നത് വഴി ചൈന റഷ്യയുടെ സൈനിക പരിപാടികൾക്ക് ഊർജ്ജം പകരുകയാണെന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ പറഞ്ഞു.

Content Highlight: China warns US against impeding ties with Russia