സാമ്പത്തിക മാന്ദ്യം മറികടക്കാൻ ഉത്പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചൈന; ആഗോള വിപണിയിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ആശങ്ക
World News
സാമ്പത്തിക മാന്ദ്യം മറികടക്കാൻ ഉത്പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചൈന; ആഗോള വിപണിയിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ആശങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2024, 10:49 am

ബെയ്ജിങ്: ഉത്പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ചൈനയുടെ തീരുമാനം ആഗോള വ്യവസായ ശക്തികളുമായുള്ള പുതിയ വ്യാപാര യുദ്ധത്തിന് കാരണമായേക്കുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട്.

കൊവിഡ് മഹാമാരിയും രണ്ട് വർഷമായി രാജ്യത്ത് തുടരുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയും ചൈനയുടെ വളർച്ചയെ മന്ദഗതിയിലാക്കിയിരുന്നു. ഇതിനെ മറികടക്കാൻ ചൈന ഉത്പാദന മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു.

ചൈനയുടെ സെൻട്രൽ ബാങ്കിൽ നിന്നുള്ള കണക്കുകൾ പ്രകാരം വ്യവസായ സംരംഭങ്ങൾക്ക് വായ്പകൾ നൽകുന്നത് വലിയ രീതിയിൽ വർധിച്ചു. 2023 ആദ്യ പാദങ്ങളിൽ റിയൽ എസ്റ്റേറ്റ് വായ്പകൾ 0.2 ശതമാനം കുറഞ്ഞപ്പോൾ 38.2 ശതമാനം വർധനവാണ് വ്യവസായ മേഖലയിലെ വായ്പകളിലുണ്ടായത്.

ചൈനയുടെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ ഡാറ്റ പ്രകാരം 2023ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഉത്പാദന മേഖലയിലെ നിക്ഷേപം 6.3 ശതമാനം വർധിച്ചിട്ടുണ്ട്. ഇതിൽ തന്നെ ഹൈടെക് ഉത്പാദന മേഖലയിൽ 13.3 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്.

ചൈനയുടെ ഉത്പാദന ചരക്കുകളിൽ നിന്നുള്ള മിച്ചം ആഗോള ജി.ഡി.പിയുടെ രണ്ട് ശതമാനം കൈവരിച്ചെന്നും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇത് ആദ്യമാണെന്നും ബ്ലൂംബർഗ് ഇന്റലിജൻസ് പറയുന്നു.

കാറുകൾ മുതൽ വാഷിങ് മെഷീനുകൾ വരെ ചൈനയുടെ ഉത്പാദന ചരക്കുകളിൽ 40 ശതമാനവും കയറ്റുമതി ചെയ്യുന്നു.

ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, സോളാർ പാനലുകൾ എന്നിവ ഉത്പാദിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും ചൈന വിജയം കൈവരിച്ചതായും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

2008ൽ ഭവന വിപണി തകർച്ചയെ തുടർന്ന് യുഎസിന് സംഭവിച്ചത് പോലെയുള്ള സാമ്പത്തിക മാന്ദ്യം ഒഴിവാക്കാൻ ഉത്പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് വഴി ചൈനയ്ക്ക് ഒഴിവാക്കാൻ സാധിച്ചെങ്കിലും ആഗോള ഉത്പാദന മേഖലയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുമെന്നും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ പ്രതിസന്ധികൾ ഉടലെടുക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഉത്പാദന മേഖലയിലെ വളർച്ച ജർമ്മനി ദക്ഷിണ കൊറിയ ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾ വെട്ടിക്കുറക്കുവാൻ കാരണമായിട്ടുണ്ട്. ഈ രാജ്യങ്ങൾ ആയിരുന്നു ചൈനീസ് ഫാക്ടറികൾക്ക് ഹൈടെക് ഉപകരണങ്ങൾ ലഭ്യമാക്കിയിരുന്നത്.

Content highlight: China could trigger global trade war – Bloomberg