ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ചു വലിച്ച് ഇറങ്ങാന്‍ പറഞ്ഞു; പപ്പയെ ഇവിടെ തന്നെ അടക്കാന്‍ അനുവദിക്കണം: ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍ മുഖ്യമന്ത്രിയോട്
തിരുവനന്തപുരം: സ്ഥലം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നടത്തിയ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെ മക്കള്‍ പൊലീസിനും അയല്‍വാസിക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്ത്. താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അച്ഛനെ അടക്കാന്‍ അനുവദിക്കണമെന്ന് മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൊലീസുകാര്‍ ലൈറ്റര്‍ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കള്‍ പറഞ്ഞു.
‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് പറഞ്ഞു.
ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പപ്പ തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
അമ്മയും പൊള്ളലേറ്റ് ചികിത്സയിലാണെന്നും അമ്മ കൂടെ പോയാല്‍ തങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചത്. രാജന്റെ ഭാര്യ അമ്പിളി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം 22നാണ് സംഭവം. ഒഴിപ്പിക്കല്‍ നടപടിക്കിടെ നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശികളായ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടെയാണ് ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
ഗുരുതരമായി പൊളളലേറ്റ രാജനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായതോടെ മരണപ്പെടുകയായിരുന്നു.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം.
കഴിഞ്ഞ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു.
75 ശതമാനത്തോളം പൊളളലേറ്റ രാജനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച എ.എസ്.ഐ അനില്‍ കുമാറിനും പൊള്ളലേറ്റിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക