Kerala
കരുനാഗപ്പള്ളിയില്‍ 12വയസുകാരി ആത്മഹത്യ: ക്ഷേത്രപൂജാരിയും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Apr 03, 03:51 am
Monday, 3rd April 2017, 9:21 am

കൊല്ലം:കരുനാഗപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ഷേത്രപൂജാരിയും കുട്ടിയുടെ അമ്മയും അറസ്റ്റില്‍. ഇന്നലെ രാത്രിയോടെയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ ലൈംഗികാവയവങ്ങളില്‍ ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയിയെ അറിയിച്ചിരുന്നു.


Also Read: ‘പീഡനക്കേസിലെ പ്രതിയെ ഡി.വൈ.എഫ്.ഐ സംരക്ഷിക്കുന്നു’; മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുടെ അപകീര്‍ത്തി പോസ്റ്റിനെതിരെ നിയമനടപടിയുമായി ഡി.വൈ.എഫ്.ഐ


കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ പൂജാരി.

കഴിഞ്ഞയാഴ്ചയാണ് 12 വയസുകാരിയെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തലേദിവസം നേരത്തെ പഠിക്കാനാണെന്നു പറഞ്ഞ് കതകടച്ച പെണ്‍കുട്ടി പിറ്റേദിവസം രാവിലെ എഴുന്നേല്‍ക്കാതായതിനെ തുടര്‍ന്ന് സഹോദരന്‍ ജനല്‍വഴി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.