ചിലര്‍ മതത്തെ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന് കാന്തപുരത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി; കുത്തിയതാണെന്ന് ഞങ്ങൾക്ക് മനസിലാവുന്നുണ്ടെന്ന് വി. മുരളീധരന്‍
കോഴിക്കോട്: ചിലര്‍ മതത്തെ ദുരുപയോഗപ്പെടുത്തുണ്ടെന്ന് കാന്തപുരത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ മതത്തെ ഉപയോഗിക്കുന്നത് സമൂഹത്തില്‍ വെളിച്ചം പകരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂര്‍വം’ ത്തിന്റെ പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
‘മതം അഗ്‌നി പോലെയാണ്. ഈ അഗ്‌നിയെ സമൂഹത്തില്‍ വെളിച്ചം പകരാനും സംഹരിക്കാനും ഉപയോഗിക്കാന്‍ പറ്റും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതില്‍ ആദ്യത്തേതിനാണ് മതം പ്രയോജനപ്പെടുത്തുന്നത്,’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ‘നിങ്ങളുടെ ഈ കുത്ത് ഞങ്ങള്‍ക്ക് മനസിലാവുന്നുണ്ടെന്ന്,’ വി. മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി ചില ഒളിയമ്പുകള്‍ എയ്തു. അതിന് ഇപ്പോള്‍ മറുപടി പറയുന്നില്ല. ഉചിതമായ അവസരത്തില്‍ ഉചിതമായ മറുപടി പറയുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് മുരളീധരന്റെ മറുപടി സ്വയമേവയുള്ള വിലയിരുത്തലിന്റെ ഭാഗമാണെന്ന് പ്രതികരണങ്ങള്‍ ഉയര്‍ന്നു.
മതത്തെ ചിലര്‍ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്. അതില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളുടെ അതിപ്രസരമുള്ള തെരഞ്ഞെടുപ്പ് കാലമാണ് കഴിഞ്ഞുപോയത്. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അഭിപ്രായങ്ങളോട് യോജിക്കാനും വിയോജിക്കാനും കഴിയുന്ന ഒരു മണ്ഡലമുണ്ട്. ഇത് തകര്‍ച്ചയുടെ വക്കിലെത്തിയപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം കാന്തപുരത്തിന്റെ ആത്മകഥ ശശി തരൂർ എം.പിക്ക് കൈമാറിക്കൊണ്ടാണ് പ്രകാശന ചടങ്ങ് നിര്‍വഹിച്ചത്. പി.വി. അന്‍വര്‍ എം.എല്‍.എ, മന്ത്രി പി. രാജീവ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സമസ്ത കേരള ജംഇയ്യതുല്‍ വൈസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങളാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്.
Content Highlight: Chief Minister at Kanthapuram’s book release said that some have misused religion