ന്യൂദല്‍ഹി: ഇന്ത്യയുടെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണയുടെ പേര് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ശുപാര്‍ശ ചെയ്തു. എന്‍.വി രമണയെ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ബോബ്‌ഡെ കത്തയച്ചിട്ടുണ്ട്.
നേരത്തെ പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്യണമെന്ന് കേന്ദ്രം ബോബ്‌ഡെയോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ മാസത്തില്‍ ബോബ്‌ഡെ വിരമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.
1983ലാണ് ജസ്റ്റിസ് എന്‍.വി രമണ ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ അഡ്വക്കേറ്റായി എന്റോള്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിങ്ങ് കൗണ്‍സലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്നു.
2000, ജനുവരി 27നാണ് അദ്ദേഹം അന്ധ്രപ്രദേശ് ഹൈക്കോടതിയിലെ സ്ഥിര ജഡ്ജായി നിയമിതനാകുന്നത്. 2013ല്‍ ദല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി അദ്ദേഹത്തിന് സ്ഥാനകയറ്റവും ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഏല്ലാവര്‍ക്കും നീതി ലഭിക്കുന്നില്ലെന്ന ജസ്റ്റിസ് രമണയുടെ പരാമര്‍ശം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
” ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായതിന് പിന്നാലെ നാം നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങള്‍ ദാരിദ്ര്യവും, ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കാനുള്ള സാഹചര്യമില്ല എന്നുമുള്ളതായിരുന്നു. അതിപ്പോഴും തുടരുന്നു.” എന്നായിരുന്നു ജസ്റ്റിസ് രമണ പറഞ്ഞത്.