Kerala News
നിനക്ക് എന്തറിയാം ടി. വിയെക്കുറിച്ച് എന്ന് ഗൗരിയമ്മ ചോദിച്ചു, അവരുടെ മുറി കണ്ട ഞാന്‍ ഞെട്ടി; ലാല്‍സലാം സിനിമയുടെ കഥാകൃത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 11, 08:11 am
Tuesday, 11th May 2021, 1:41 pm

മുന്‍ മന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ. ആര്‍ ഗൗരിയമ്മ വിടപറയുമ്പോള്‍ മലയാളികള്‍ ഒരു കാലത്ത് ആഘോഷമാക്കിയ ലാല്‍സലാം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയില്‍ ഗൗരിയമ്മയെ കണ്ട അനുഭവം പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ലാല്‍ സലാം സിനിമയുടെ ചിത്രീകരണ വേളയിലാണ് അന്ന് വ്യവസായ മന്ത്രിയായിരുന്ന ഗൗരിയമ്മ അപ്രതീക്ഷിതമായി ഗസ്റ്റ്ഹൗസിലേക്ക് വരുന്നത്.

”നെട്ടൂരാന്‍ വിളിച്ചത്ര കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളൊന്നും സഖാവ് സേതുലക്ഷ്മി വിളിച്ചിട്ടില്ല, അതു മറക്കണ്ട,’ എന്ന ഭാഗം ചിത്രീകരിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ കടന്നു വരവ്.

മന്ത്രിയുടെ അപ്രതീക്ഷിത വരവില്‍ സംവിധായകന്‍ വേണുനാഗവള്ളിയും താനും ഒന്ന് പേടിച്ചുവെന്നാണ് ചെറിയാന്‍ കല്‍പകവാടി പറഞ്ഞത്.

ഗൗരിയമ്മയെ തന്റെ അച്ഛന്‍ വഴി മോഹന്‍ലാലിന് നേരത്തെ പരിചയമുണ്ടായിരുന്നു. ഗൗരിയമ്മ ഗസ്റ്റ്ഹൗസിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ തന്നോട് മന്ത്രിയെ കണ്ടിട്ടുവരാം എന്ന് പറയുകയായിരുന്നു.

ഒരുകാലത്ത് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്. പക്ഷെ കുടുംബങ്ങള്‍ അകന്ന ശേഷം കണ്ടിട്ടില്ല. സിനിമയെക്കുറിച്ച് കൂടി അറിഞ്ഞിട്ടാണ് വരവെങ്കില്‍ തീരുമാനമായി എന്നാണ് താന്‍ ഉള്ളില്‍ കരുതിയതെന്നും ചെറിയാന്‍ കല്‍പകവാടി പറഞ്ഞു.

ഗൗരിയമ്മയെ കാണാന്‍ ലാലുമൊത്ത് പോയി. കുശലാന്വേഷണത്തിനിടെ തന്നെ ചൂണ്ടിക്കാട്ടി ഇതാരാണെന്ന് മനസിലായോ എന്ന് ലാല്‍ മന്ത്രിയോട് ചോദിച്ചു.

വര്‍ഗീസ് വൈദ്യന്റെ മകന്‍ ചെറിയാന്‍ ആണെന്ന് ലാല്‍ പരിചയപ്പെടുത്തി. ആദ്യം ഒന്നും മിണ്ടാതെ കനപ്പിച്ചൊന്ന് നോക്കിയെന്നാണ് ചെറിയാന്‍ ഫിലിപ്പ് ഓര്‍ത്തെടുക്കുന്നത്.

പിന്നെ അമ്മയെക്കുറിച്ച് മാത്രം ചോദിച്ചു. അന്വേഷണം പറയണമെന്ന് മാത്രം പറഞ്ഞു എന്നും ചെറിയാന്‍ പറയുന്നു.

ലാല്‍സലാം സിനിമയില്‍ കെ. ആര്‍ ഗൗരിയമ്മയെ സേതുലക്ഷ്മിയായും ടി. വി തോമസിനെ ഡി. കെ ആന്റണിയും വര്‍ഗീസ് വൈദ്യനെ നെട്ടൂരാനായുമാണ് സിനിമയില്‍ അവതരിപ്പിച്ചത്. സേതുലക്ഷ്മിയായി ഗീതയും ഡി. കെ ആന്റണിയായി മുരളിയും നെട്ടൂരാനായി മോഹന്‍ലാലും വേഷമിട്ടു.

സ്വന്തം അച്ഛന്റെ കഥ പറയുകയായിരുന്നു ലാല്‍ സലാമിലൂടെ ചെറിയാന്‍ കല്‍പകവാടി. സിനിമ റിലീസായതിന് പിന്നാലെ ചിത്രത്തിനെതിരെ ഗൗരിയമ്മ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗൗരിയമ്മയെ മോശമായി കാണിച്ചിട്ടില്ലെന്നാണ് ചെറിയാന്‍ പറയുന്നത്.

1999 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുരളി ആലപ്പുഴയില്‍ മത്സരിച്ചിരുന്നു. അന്ന് വി.എം സുധീരനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. മുരളിയേയും കൂട്ടി ഗൗരിയമ്മയെ കാണാന്‍ പോകാന്‍ വി.എസ് ആണ് തന്നോട് ഉപദേശിക്കുന്നതെന്ന് ചെറിയാന്‍ പറയുന്നു.

ചേര്‍ത്തലയിലെ വീട്ടിലേക്ക് മുരളിയെയും കൊണ്ട് പോകുമ്പോള്‍ ഗൗരിയമ്മ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. മുരളിയെ കണ്ടപാടെ പറഞ്ഞത് ഇവന്‍ പറഞ്ഞിട്ടായിരിക്കും താന്‍ നില്‍ക്കുന്നത് അല്ലെ? സംശയം വേണ്ട താന്‍ തോല്‍ക്കും എന്നാണ്.

സിനിമയില്‍ എന്തൊക്കെയാണ് എഴുതി പിടിപ്പിച്ചിരിക്കുന്നതെന്നാണ് ഗൗരിയമ്മ ചെറിയാനോട് ചോദിച്ചത്.

‘ടി. വിയെക്കുറിച്ച് നിനക്ക് എന്തറിയാം ? എന്തൊക്കെയാണ് സിനിമയില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? നീ അകത്ത് കയറി ഒന്ന് നോക്ക്,’ ഗൗരിയമ്മ പറഞ്ഞു.

അകത്ത് നിറയെ കല്യാണ സമയത്ത് ടിവിയ്‌ക്കൊപ്പം ഗൗരിയമ്മയുടെ ചിത്രങ്ങളായിരുന്നുവെന്ന് ഓര്‍ത്തെടുത്ത് പറയുകയാണ് ചെറിയാന്‍. അവരുടെ സ്‌നേഹത്തിന്റെ ആഴം അന്നാണ് മനസിലായതെന്നും ചെറിയാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cheriyan Kalpakavadi about K R Gouriyamma and lalsalam movie