ISL
ഇഞ്ചുറി ടൈം ഗോള്‍; സൂപ്പര്‍ മച്ചാന്‍സിനെ സമനിലയില്‍ പൂട്ടി ജംഷദ്പൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 07, 05:23 pm
Thursday, 7th December 2023, 10:53 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷദ്പൂര്‍ എഫ്.സി-ചെന്നൈയിന്‍ എഫ്.സി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് ഓരോ പോയിന്റുകള്‍ വീതം പങ്കിടുകയായിരുന്നു.

ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടായ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് ജംഷഡ്പൂര്‍ അണിനിരന്നത്. അതേസമയം മറുഭാഗത്ത് ചെന്നൈയിന്‍ എഫ്.സി 4-2-3-1 എന്ന ശൈലി പിന്തുടര്‍ന്നാണ് കളത്തിലിറങ്ങിയത്.

കളി തുടങ്ങി ഒമ്പതാം മിനിട്ടില്‍ ഫാറൂഖ് ചൗദരിയിലൂടെ ചെന്നൈ ആദ്യം ലീഡെടുത്തു. 40 മിനിട്ടില്‍ നിന്തോയിങ്കന്‍ബ മീതേയിലൂടെ ചെന്നൈ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ലാല്‍ഡിന്‍പുയയിലൂടെ ജംഷദ്പൂര്‍ ഗോള്‍ തിരിച്ചടിച്ചു. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ചെന്നൈ 2-1ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി ജംഷദ്പൂര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. മത്സരത്തിന്റെ 90 മിനിട്ടില്‍ ഡാനിയല്‍ ചിമ ചുക്വുവിന്റെ ഗോളിലൂടെ ആതിഥേയര്‍ ആവേശകരമായ സമനില പിടിക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-2 എന്ന നിലയിൽ ഇരുടീമുകളും ഓരോ പോയിന്റ് വീതം കൈമാറുകയായിരുന്നു.

സമനിലയോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്താണ് സൂപ്പര്‍ മച്ചാന്‍സ്. അത്ര തന്നെ മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ് ജംഷദ്പൂര്‍.

ഡിസംബര്‍ 13ന് ബെംഗളൂരുവിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

അതേസമയം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 16ന് എഫ്.സിക്കെതിരെയാണ് ജംഷദ്പൂരിന്റെ എതിരാളികളും ബെംഗളൂരുവാണ്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയമാണ് വേദി.

Content Highlight: Chennaiyin fc vs Jamshedpur fc draw in ISL.