ഗോട്ട് ഡിബേറ്റില്‍ റൊണാള്‍ഡോയെക്കാള്‍ മികച്ചതായി ലയണല്‍ മെസിയെ തെരഞ്ഞെടുത്ത് ചെല്‍സി സൂപ്പര്‍ താരം കോള്‍ പാല്‍മര്‍. പി.എഫ്.എയിലെ ക്വിക് ഫയര്‍ റൗണ്ടിലാണ് പാല്‍മര്‍ മികച്ച താരങ്ങളെ തെരഞ്ഞെുത്തത്.
വളരുമ്പോള്‍ മെസിയെ പോലെ ആകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞ പാല്‍മര്‍, താന്‍ ഒപ്പം കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച താരം കെവിന്‍ ഡി ബ്രൂയ്‌നെ ആണെന്നും അഭിപ്രായപ്പെട്ടു.
‘ഒപ്പം കളിച്ചവരില്‍ ഏറ്റവും മികച്ചതാര്? കെവിന്‍ ഡി ബ്രൂയ്‌നെ. വളരുമ്പോള്‍ ആരെ പോലെയാകണം? ലയണല്‍ മെസി. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാരാണ്? ഞാന്‍ വിനിയുടെയും (വിനീഷ്യസ് ജൂനിയര്‍) എംബാപ്പെയുടെയും പേര് പറയും. ഇതില്‍ ഒരാലെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് എംബാപ്പെയായിരിക്കും.
ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പാസര്‍? കെവിന്‍ ഡി ബ്രൂയ്‌നെയുടെ പേര് പറയാം, ട്രെന്റിന്റെ (അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്) പേര് പറയാവുന്നതാണ്. ഏയ് ഇവരല്ല ടോണി ക്രൂസാണ് മികച്ച പാസര്‍. എക്കാലത്തെയും മികച്ച ഫിനിഷര്‍? ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മികച്ച ഡ്രിബ്ലര്‍? നെയ്മര്‍,’ താരം പറഞ്ഞു.
ഏറ്റവും മികച്ച ഇംഗ്ലണ്ട് താരമാര് എന്ന ചോദ്യത്തിന് വെയ്ന്‍ റൂണിയുടെ പേരാണ് ചെല്‍സി താരം പറഞ്ഞത്.
പിന്നാലെ ഈ സംഭാഷണം ഏറ്റവും മികച്ച താരമാര് എന്ന രീതിയിലേക്ക് വഴിമാറി. ഇതുവരെ പറഞ്ഞ പേരുകാരില്‍ നിന്നും മികച്ചവരെ തെരഞ്ഞെടുക്കാനാണ് പാല്‍മറിനോട് ആവശ്യപ്പെട്ടത്. തന്നെക്കാള്‍ മികച്ചതായി ടോണി ക്രൂസിനെ തെരഞ്ഞെടുത്ത പാല്‍മര്‍, റൂണിയെക്കാള്‍ മികച്ചതായി എംബാപ്പെയെയും തെരഞ്ഞെടുത്തു.
അതേസമയം, മികച്ച പ്രകടനമാണ് പാല്‍മര്‍ ചെല്‍സിക്കൊപ്പം നടത്തുന്നത്. കഴിഞ്ഞ ദിവസം ബ്രൈറ്റണെതിരെ നടന്ന മത്സരത്തില്‍ ഗോളടിച്ച് ചരിത്രം കുറിക്കാനും പാല്‍മറിന് സാധിച്ചിരുന്നു.
ചെല്‍സി രണ്ടിനെതിരെ നാല് ഗോളിന് വിജയിച്ച മത്സരത്തില്‍ നാല് ഗോളും പാല്‍മറാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയിലാണ് ഈ നാല് ഗോളും പിറന്നത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ആദ്യ പകുതിയില്‍ തന്നെ ഒരു താരം നാല് ഗോളുകള്‍ കണ്ടെത്തുന്നത്.
Content Highlight: Chelsea star Cole Palmer picks Vinicius Jr and Kylian Mbappe as the best footballers right now