Film News
തനി തിരോന്തോരംകാരന്‍ തന്നെ; കൊട്ട മധുവായി പൃഥ്വിരാജിന്റെ തകര്‍പ്പന്‍ പ്രകടനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 23, 10:11 am
Friday, 23rd December 2022, 3:41 pm

പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ കാപ്പ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ ഗുണ്ടാ സംഘങ്ങളുടെ പകയുടെയും പ്രതികാരത്തിന്റെയും ഗ്യാങ് വാറിന്റെയും കഥ പറഞ്ഞ ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്. ജി.ആര്‍. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ രചന. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതും.

കൊട്ട മധു എന്ന കേന്ദ്രകഥാപാത്രമായി പൃഥ്വിരാജ് മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്ലാങ് ഏച്ചുകെട്ടലൊന്നുമില്ലാതെ ആ ഒഴുക്കില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മുമ്പ് മലയാള സിനിമയില്‍ കോമഡി കഥാപാത്രങ്ങള്‍ക്കും രംഗങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ചിരുന്ന തിരുവനന്തപുരം സ്ലാങ് ഒരു സിനിമയുടെ ആത്മാവ് തന്നെയായി മാറുകയാണ് ഇവിടെ.

ആക്ഷന്‍ രംഗങ്ങള്‍ക്ക് മുന്നോടിയായിട്ടുള്ള രോഷത്തോടെയുള്ള മാസ് ഡയലോഗുകള്‍ പതര്‍ച്ചയില്ലാതെയാണ് അദ്ദേഹം പറഞ്ഞുതീര്‍ത്തത്. സ്ലാങ്ങും കഥാപാത്രത്തിന്റെ വികാരവും ഒരുമിച്ച് പിടിക്കുക എന്നത് ചില്ലറ പണിയല്ല. അത് പൃഥ്വിരാജ് ഭംഗിയായി തന്നെ ചെയ്തുവെച്ചിട്ടുണ്ട്.

ഇനി കൊട്ടമധുവിലേക്ക് വന്നാലും ആ കഥാപാത്രം സങ്കീര്‍ണമാണ്. രണ്ട് ഗെറ്റപ്പുകളായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജിന് ഉണ്ടായിരുന്നത്. തിരുവനന്തപുരം നഗരത്തേയും അധികാര കേന്ദ്രങ്ങളേയും പൊലീസ് സംവിധാനങ്ങളേയും വിറപ്പിച്ചാണ് മധു തന്റെ സാമ്രാജ്യം അടക്കി വാഴുന്നത്.

തന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന കുടുംബം, എന്തിനും തയാറായി നില്‍ക്കുന്ന ഗുണ്ടാസംഘം, രാഷ്ട്രീയ പാര്‍ട്ടികളിലും പൊലീസ് കേന്ദ്രങ്ങളിലേയും പിടിപാട്, ഇത്രയൊക്കെ ഉണ്ടായിട്ടും മധു സന്തോഷവാനല്ല. ഭൂതകാലത്തിലെ പല പിഴവുകളും അയാളെ വേട്ടയാടുന്നു. ചോരയുടെ മണമുള്ള ജീവിതം അയാള്‍ക്ക് മടുത്തുതുടങ്ങി. ആ മാനസിക പ്രതിസന്ധിയും ആശങ്കയും മറച്ചാണ് അയാള്‍ ജീവിക്കുന്നത്. മധു അനുഭവിക്കുന്ന ഈ സങ്കീര്‍ണാവസ്ഥയും പൃഥ്വിരാജ് മനോഹരമായി തന്നെ പ്രതിഫലിപ്പിച്ചിട്ടുണ്ട്.

Content Hoghlight: characterstics of kotta madhu by prithviraj in kaapa movie