Entertainment
കന്നഡ മുത്തിന് മലയാളത്തിലേക്ക് സ്വാഗതം, പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടിക്കമ്പനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 14, 02:43 pm
Tuesday, 14th May 2024, 8:13 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ടര്‍ബോ. കാതലിന് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന സിനിമയാണിത്. മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസിന്റേതാണ്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന മാസ് മസാല എന്റര്‍ടൈനര്‍ എന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ തെലുങ്ക്, കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്‍ താരനിര അണിനിരക്കുന്നുണ്ട്. കന്നഡയിലെ മികച്ച നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടിയാണ് ചിത്രത്തിലെ വില്ലന്‍. താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ മമ്മൂട്ടിക്കമ്പനി ഒദ്യോഗികമായി പുറത്തുവിട്ടു. വെട്രിവേല്‍ ഷണ്മുഖ സുന്ദരം എന്ന കഥാപാത്രമായാണ് രാജ്. ബി. ഷെട്ടി ചിത്രത്തില്‍ എത്തുന്നത്. ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികള്‍ക്കിടയില്‍ സുപരിചിതനാകുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര് കഴിഞ്ഞ ദിവസം റിലീസായിരുന്നു. ട്രെയ്‌ലറില്‍ തന്നെ രാജ്.ബി. ഷെട്ടിയുടെ കഥാപാത്രം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയും രാജ്.ബി. ഷെട്ടിയും തമ്മിലുള്ള ഫെയ്‌സ് ഓഫ് സീനിന് ആരാധകര്‍ കാത്തിരിക്കുകയാണ്. തെലുങ്ക് താരം സുനിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശബരീഷ് വര്‍മ, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഭ്രമയുഗത്തിന് ശേഷം ക്രിസ്‌റ്റോ സേവിയര്‍ സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. വിഷ്ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. നേരത്തെ ജൂണ്‍ 13ന് റിലീസാകുമെന്ന് പറഞ്ഞിരുന്ന ചിത്രം മെയ് 23ലേക്ക് റിലീസ് മാറ്റുകയായിരുന്നു.

Content Highlight: Character Poster of Raj B Shetty officially released by Mammootty Kampany