നായകന്‍ ഏജന്റല്ല, ക്യൂട്ടല്ല, ഡബിള്‍ മീനിങ് ജോക്ക്‌സില്ല; ഉദയകൃഷ്ണ റൂട്ട് മാറ്റിയ ക്രിസ്റ്റഫര്‍ | D Movies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഏറ്റവുമധികം സക്‌സസ് റേറ്റുള്ള തിരക്കഥാകൃത്തുക്കളിലൊരാളാണ് ഉദയ്കൃഷ്ണ. ബിഗ് എംസ് മുതലുള്ള വിവിധ താരങ്ങളെ നായകനാക്കി ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്. എന്നാല്‍ അടുത്തിടെയായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിലംതൊടാതെ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. ഒടുവില്‍ പുറത്ത് വന്ന ആറാട്ട്, മോണ്‍സ്റ്റര്‍ മുതലായ ചിത്രങ്ങള്‍ നിശിതമായ വിമര്‍ശനമേറ്റിരുന്നു.

അതിനാല്‍ തന്നെ ക്രിസ്റ്റഫര്‍ തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ സ്വല്‍പം ആശങ്ക പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ആറിട്ടിന് ശേഷം സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഉദയ്കൃഷ്ണയും ഒന്നിക്കുന്ന ചിത്രമെന്നതും ഇതിന് ആക്കം കൂട്ടി. എന്നാല്‍ ക്രിസ്റ്റഫര്‍ ആ ആശങ്കകളെ തെല്ലൊന്നും മാറ്റിയിട്ടുണ്ട്. മേക്കിങ്ങില്‍ പഴയ പാത പിന്തുടരുമ്പോഴും സ്ഥിരം ഉദയ്കൃഷ്ണ എലമെന്റുകള്‍ ഇല്ലാത്തത് പ്രേക്ഷകര്‍ക്ക് ആശ്വാസമാവുകയാണ്.

അതില്‍ ഒന്നാമതായി എടുത്ത് പറയേണ്ടത് നായകന്‍ ഏജന്റല്ല എന്നതാണ്. ഉദയ്കൃഷ്ണ ചിത്രങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായിരുന്നു നായകന്റെ മാരക ട്രാന്‍സ്ഫര്‍മേഷന്‍. മാസ്റ്റര്‍ പീസില്‍ പ്രൊഫസര്‍ എഡ്വേഡ് ലിവിങ്സ്റ്റണ്‍ ഡി.ഐ.ജി. ആന്റോ ആന്റണി ഐ.പി.എസ് ആവുന്നതും ആറാട്ടില്‍ നെയ്യാറ്റിന്‍കര ഗോപന്‍ ഏജന്റ് എക്‌സ് ആവുന്നതും മോണ്‍സ്റ്ററില്‍ ലക്കി സിങ് ശിവദേവ് സുബ്രഹ്‌മണ്യന്‍ ഐ.പി.എസ് ആവുന്നതും വായും പൊളിച്ച് കണ്ടുനിന്നവരാണ് പ്രേക്ഷകര്‍.

എന്നാല്‍ ക്രിസ്റ്റഫറിലേക്ക് എത്തുമ്പോള്‍ നായകന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഐ.പി.എസ് ഓഫീസറായ ക്രിസ്റ്റഫര്‍ തന്നെയാണ്. ട്രാന്‍സ്ഫര്‍മേഷന്‍ സീന്‍ ഒഴിവാക്കാന്‍ പറ്റാത്തുകൊണ്ടാവും നായകനില്ലെങ്കിലും മറ്റ് രണ്ട് പൊലീസ് കഥാപാത്രങ്ങള്‍ക്ക് ഒരു മാരക ട്രാന്‍സ്ഫര്‍മേഷന്‍ ക്രിസ്റ്റഫറില്‍ ഉദയ്കൃഷ്ണ നല്‍കിയിട്ടുണ്ട്.

മറ്റൊരു പ്ലസ് പോയിന്റെ ഡബിള്‍ മീനിങ് ജോക്ക്‌സ് ഇല്ല എന്നതാണ്. ആറാട്ടിലെ ഇന്‍ഡ്രോ സീനില്‍ സ്ത്രീശാക്തീകരണത്തെ പറ്റി സംസാരിച്ച് തുടങ്ങുന്ന നായകന്റെ ഡബിള്‍ മീനിങ് ജോക്ക്‌സിന്റെ ആറാട്ടാണ് പിന്നീട് കണ്ടത്. മോണ്‍സ്റ്ററിലെ ലക്കി സിങ്ങിന്റെ കാര്യം പിന്നെ പറയണ്ട. ഡബിള്‍ മീനിങ് ജോക്ക്‌സ് പണ്ട് മുതലേ മലയാള സിനിമയുടെ ഭാഗമാണെങ്കിലും അടുത്ത കാലത്തായി ഇതില്ലാതിരിക്കാന്‍ ഫിലിം മേക്കേഴ്‌സ് സവിശേഷ ശ്രദ്ധ കാണിച്ചിരുന്നു. എന്നാല്‍ ഉദയ്കൃഷ്ണക്ക് അത് വിടാന്‍ ക്രിസ്റ്റഫര്‍ വരെയെത്തേണ്ടി വന്നു. ഇനിയുള്ള ചിത്രങ്ങളില്‍ തുടരില്ല എന്ന് പ്രതീക്ഷിക്കാം.

കഥയില്‍ പ്രത്യേകിച്ച് റോളൊന്നും ഇല്ലെങ്കിലും നായകന്റെ പിറകെ നടക്കാന്‍ കുറച്ച് പെണ്ണുങ്ങള്‍ ഉദയ്കൃഷ്ണക്ക് അത്യന്താപേക്ഷിതമായിരുന്നു. മാസ്റ്റര്‍ പീസിലെ പൂനം പജ്വേ അവതരിപ്പിച്ച കഥാപാത്രത്തെയൊക്കെ ഈ ഗണത്തില്‍ പെടുത്താം. പുലിമുരുകനിലെ മോഹന്‍ലാലിന്റെ പിറകെ നടക്കാന്‍ തെന്നിന്ത്യന്‍ താരം നമിതയെ ആണ് കൊണ്ടുവന്നത്. ക്രിസ്റ്റഫറില്‍ അങ്ങനെ ഒരാള്‍ ഇല്ലെന്ന് മാത്രമല്ല വന്ന സ്ത്രീകള്‍ക്കെല്ലാം സിനിമയില്‍ പ്രാധാന്യമുള്ള റോളുകളുമാണ് നല്‍കിയത്. ക്യൂട്ടല്ലാത്ത റൂഡ ആയ ട്വിസ്റ്റുകളില്ലാത്ത ഉദയ്കൃഷ്ണയുടെ നായകന്‍ വലിയ ആശ്വാസം തന്നെയാണ് നല്‍കിയത്.

Content Highlight: changes of udaykrishna’s script in christopher movie