ഝാന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം ക്രൈസ്തവ പീഡനപരമ്പരയിലെ ഒടുവിലത്തേത്; മത തീവ്രവാദികള്‍ക്ക് നിഗൂഢ പിന്തുണ ലഭിക്കുന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത
ന്യൂദല്‍ഹി: കന്യാസ്ത്രീകള്‍ക്ക് നേരെ ഉത്തര്‍പ്രദേശിലുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ചങ്ങനാശ്ശേരി അതിരൂപത. മതത്തിന്റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെടുകയാണെന്ന് രൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തില്‍ പറഞ്ഞു.
‘രാജ്യത്ത് മതത്തിന്റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ഝാന്‍സി ആക്രമണം ക്രൈസ്തവ പീഡനപരമ്പരയിലെ ഒടുവിലത്തെ സംഭവമാണ്. ഝാന്‍സിയില്‍ പൊലീസും ആക്രമികളെ പിന്തുണച്ചു. സുരക്ഷയ്ക്കായി സന്യാസിനികള്‍ക്ക് സന്യാസ വസ്ത്രം വരെ മാറേണ്ട അവസ്ഥയുണ്ടായി. രാജ്യത്ത് മത തീവ്രവാദികള്‍ക്ക് നിഗൂഢ പിന്തുണ ലഭിക്കുന്നു,’ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീയടക്കമുള്ളവര്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലുണ്ടായ ആക്രമണം സംഘപരിവാറിന്റെ പ്രൊപഗാണ്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍
നേരത്തെ കന്യാസ്ത്രീകളെ ആക്രമിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തലുമായി ഝാന്‍സി റെയില്‍വേ സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എ.ബി.വി.പി പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചതെന്നും മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
മാര്‍ച്ച് 19നാണ് ദല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ദല്‍ഹിയില്‍ നിന്നും വരികയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സാധാരണ വസ്ത്രവും കന്യാസ്ത്രീകള്‍ സഭാവസ്ത്രത്തിലുമായിരുന്നു. തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍.
ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിക്കാതെ പൊലീസ് കന്യാസ്ത്രീ സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പൊലീസില്ലാതെ വരാനാകില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ലെന്നും ആധാര്‍ കാര്‍ഡും മറ്റും രേഖകളും കാണിച്ചെങ്കിലും രാത്രി 11 മണിക്ക് ശേഷമായിരുന്നു സ്റ്റേഷനില്‍ നിന്നും ബിഷപ്പ് ഹൗസിലേക്ക് വിട്ടയച്ചതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.
ശനിയാഴ്ചയാണ് പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നത്. സഭാവസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിച്ച് പൊലീസ് സംരക്ഷണത്തിലായിരുന്നു ഈ യാത്ര.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക