അവര്‍ക്ക് അതിന് ഒരാളെ വേണം... ലോകകപ്പിന് മുമ്പ് മറ്റൊരു ദേശീയ ടീമിലേക്ക് കണ്ണ് നട്ട് ചാമിന്ദ വാസ്
Sports News
അവര്‍ക്ക് അതിന് ഒരാളെ വേണം... ലോകകപ്പിന് മുമ്പ് മറ്റൊരു ദേശീയ ടീമിലേക്ക് കണ്ണ് നട്ട് ചാമിന്ദ വാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th June 2023, 3:54 pm

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സി (യു.എ.ഇ)ന്റെ മുഖ്യപരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ച് ലങ്കന്‍ ഇതിഹാസ താരം ചാമിന്ദ വാസ്. സിംബാബ്‌വേയില്‍ നടക്കുന്ന ക്വാളിഫയര്‍ മത്സരത്തിന് ഒരു ദിവസം മുമ്പ്, അതായത് ജൂണ്‍ 26 വരെയാണ് കോച്ചിന്റെ സ്ഥാനത്തേക്ക് യു.എ.ഇ ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷകള്‍ പരിഗണിക്കുന്നത്.

2023 മാര്‍ച്ചില്‍ റോബിന്‍ സിങ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മുദാസര്‍ നാസറായിരുന്നു യു.എ.ഇ ടീമിന്റെ പരിശീലകസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ നാസറിന്റെ കാലാവധി അവസാനിക്കുന്നതോടെ ആ വിടവ് നികത്താന്‍ വാസിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

താന്‍ യു.എ.ഇ ടീമിനെയും അവരുടെ മത്സരങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അവരെ മോട്ടിവേറ്റ് ചെയ്യാന്‍ പോന്ന ഒരാളെ ടീമിന് ആവശ്യമുണ്ടെന്നും വാസ് പറഞ്ഞു.

‘ഞാന്‍ യു.എ.ഇയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മികച്ച യുവതാരങ്ങളടങ്ങിയ നിരയാണ് അവര്‍ക്കുള്ളത്. ബാലന്‍സ്ഡ് ആയ ടീമാണ് അവരുടേത്. അടുത്ത ലെവലിലേക്കെത്താന്‍ അവരെ ഒരാള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആത്മവിശ്വാസം നല്‍കണമെന്നുമാണ് എനിക്ക് തോന്നുന്നത്.

അവര്‍ക്കൊപ്പമുള്ള ചില താരങ്ങള്‍ വളരെ കഴിവുള്ളവരാണ്. മറ്റ് അന്താരാഷ്ട്ര ടീമിലെ താരങ്ങളുമായി മത്സരിക്കാന്‍ പോലും അവരെക്കൊണ്ട് സാധിക്കും,’ ദി നാഷണലിന് നല്‍കിയ അഭിമുഖത്തില്‍ വാസ് പറഞ്ഞു.

ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നത് യു.എ.ഇ താരങ്ങളെ ഏഷ്യാ കപ്പ് അടക്കമുള്ള വമ്പന്‍ ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ പ്രാപ്തരാക്കുമെന്നും വാസ് കൂട്ടിച്ചേര്‍ത്തു.

 

‘ലോകമെമ്പാടും നിരവധി ഫ്രാഞ്ചൈസി ലീഗുകള്‍ ഉണ്ട്, അവര്‍ അതില്‍ പങ്കെടുക്കാന്‍ ഏറെ താത്പര്യപ്പെടുന്നുമുണ്ട്. ഇതിനൊപ്പം തന്നെ അവര്‍ ദേശീയ ടീമിന് വേണ്ടി കളിക്കുകയും ഏഷ്യയിലെ വമ്പന്‍ ടീമുകള്‍ക്കെതിരെ കളിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഏഷ്യയിലെ മികച്ച ടീമുകളുമായി ഏറ്റമുട്ടാന്‍ യു.എ.ഇക്ക് വളരെ മികച്ച അവസരമുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ആദ്യം അവരെ ഏഷ്യാ കപ്പ് കളിക്കാന്‍ പ്രാപ്തരാക്കുകയാണ് എന്റെ ആദ്യ ലക്ഷ്യം, അതിന് ശേഷം ലോകകപ്പും. ഇവരെ വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.

 

ടീമിലെ എല്ലാ താരങ്ങളും ഒരുപോലെയല്ല, വ്യത്യസ്തരാണ്. അവരെ ഒരുമിച്ച് കൊണ്ടുവരാനും ഒരു ടീമായി മാറ്റിയെടുക്കുന്നതിന് സഹായിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ വാസ് കൂട്ടിച്ചേര്‍ത്തു.

 

Content highlight: Chaminda Vaas has applied to become the coach of the UAE