Football
മെസിയും അവനും എന്റെ ടീമിലുണ്ടെങ്കിൽ എനിക്ക് നല്ല കോൺഫിഡൻസാണ്: മുൻ ബാഴ്സ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 13, 10:28 am
Friday, 13th September 2024, 3:58 pm

ഫുട്‌ബോളില്‍ ഒരുമിച്ച് കളിച്ചതില്‍ ഏറ്റവും മികച്ചതായി തോന്നിയ രണ്ട് താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗാസ്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയേയും ഫ്രഞ്ച് സൂപ്പര്‍താരം തിയറി ഹെന്റിയെയുമാണ് ഫാബ്രിഗാസ് മികച്ച താരങ്ങളായി തെരഞ്ഞെടുത്തത്. ദി റെസ്റ്റ് ഈസ്റ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഫാബ്രിക്കാസ്.

‘മെസിക്കൊപ്പം ഞാന്‍ ഒരുമിച്ച് കളിച്ചപ്പോള്‍ എനിക്ക് മികച്ച താരമായി തോന്നിയത് തിയറി ഹെന്റിയെ ആണ്. ഇത് എന്റെ ദിവസമല്ല എനിക്ക് ടീമിനായി നന്നായി കളിക്കാന്‍ സാധിച്ചില്ല തോന്നലുകള്‍ എനിക്കുണ്ടാകുമ്പോള്‍ ആ ദിവസങ്ങളില്‍ ഞങ്ങളുടെ ടീമിനെ രക്ഷിക്കാന്‍ ഹെന്റി ഉണ്ടാവുമെന്ന് എനിക്ക് അറിയാമായിരുന്നു. ഓരോ മത്സരങ്ങളും അത്ര എളുപ്പമുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോള്‍ ഞാന്‍ മെസിക്കൊപ്പം കളിക്കുമ്പോള്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നിയേക്കാം,’ മുന്‍ ബാഴ്‌സലോണ താരം പറഞ്ഞു.

2003ലാണ് ബാഴ്‌സയില്‍ നിന്നും ഫാബ്രിഗാസ് ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിലേക്ക് ചേക്കേറിയത്. പീരങ്കി പടക്കൊപ്പം നാല് വര്‍ഷങ്ങളിലാണ് ഫാബ്രിഗാസ് ഹെന്റിക്കൊപ്പം കളിച്ചത്. 2011ലായിരുന്നു സ്പാനിഷ് താരം ബാഴ്‌സയിലെത്തുന്നത്. ഈ കാലഘട്ടത്തിലാണ് മെസിക്കൊപ്പം ഫാബ്രിഗാസ് സ്പാനിഷ് വമ്പന്‍മാര്‍ക്കായി കളിച്ചത്. ആഴ്‌സണല്‍, ബാഴ്‌സലോണ എന്നീ ടീമുകള്‍ക്ക് പുറമേ ചെല്‍സി, മൊണോക്കൊ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഫാബ്രിഗാസ് പന്തുതട്ടിയിട്ടുണ്ട്,

അതേസമയം നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗണ്ണേഴ്‌സിന്റെ മുന്നേറ്റനിരയില്‍ ഗോളടിച്ചുകൂട്ടികൊണ്ട് ഐതിഹാസികമായ കരിയറാണ് ഹെന്റി പടുത്തുയര്‍ത്തിയത്. ആഴ്‌സണലിനായി 228 തവണയാണ് മുന്‍ ഫ്രഞ്ച് താരം ലക്ഷ്യം കണ്ടത്. 2014ലായിരുന്നു ഹെന്റി ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 

Content Highlight: Cesc Fabregas Talks About Lionel Messi and Thierry Henry