സ്പാനിഷ് സൂപ്പര്‍താരം സെസ്‌ക് ഫാബ്രിഗാസ് ഇനി പുതിയ വേഷത്തില്‍
Football
സ്പാനിഷ് സൂപ്പര്‍താരം സെസ്‌ക് ഫാബ്രിഗാസ് ഇനി പുതിയ വേഷത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd July 2023, 8:50 pm

മുന്‍ ബാഴ്‌സലോണയുടെയും സ്‌പെയ്ന്‍ ദേശീയ ടീമിന്റെയും മധ്യ നിര താരം സെസ്‌ക ഫാബ്രിഗാസ് ഇനി പരിശീലകനായി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഫുട്‌ബോളില്‍ നിന്ന് വിരമിച്ച വിവരം താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. 16ാം വയസില്‍ ആഴ്‌സണലില്‍ അരങ്ങേറ്റം കുറിച്ച ഫാബ്രിഗാസ് തന്റെ 36ാം വയസില്‍ കളി മതിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

‘കളിച്ചുകൊണ്ടിരുന്ന എന്റെ ബൂട്ട് തൂക്കിയിടേണ്ടി വരുന്നത് സങ്കടകരമായ കാര്യമാണ്,’ ഫാബ്രിഗാസ് ട്വിറ്ററിലെ വിരമിക്കല്‍ കുറിപ്പില്‍ പറഞ്ഞു.

ആഴ്‌സണലിനും ബാഴ്‌സലോണക്കും പുറമെ താരം ചെല്‍സി, മൊണോക്കോ ക്ലബ്ബുകള്‍ക്കായും താരം ബൂട്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ രണ്ടാം ഡിവിഷന്‍ ടീമായ കോമായിലാണ് ഫാബ്രിഗാസ് കളിച്ചത്. ബാഴ്‌സലോണ അക്കാദമിയായ ലാ മാസിയയില്‍ നിന്ന് തന്റെ 16ാം വയസില്‍ ആഴ്‌സണലിലെത്തിയപ്പോള്‍ ലണ്ടന്‍ ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമായി അറിയപ്പെട്ടു.

തുടര്‍ന്ന് താരം ആഴ്‌സണലിന്റെ ക്യാപ്റ്റനാവുകയും 2011ല്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറുകയും ചെയ്തു. 2010ല്‍ സ്‌പെയ്‌നിനെ ലോകകപ്പ് ജയത്തിലേക്ക് നയിച്ചതിന് ശേഷമായിരുന്നു താരത്തിന്റെ ബ്ലൂഗ്രാനയിലേക്കുള്ള മടക്കം.

2008ലും 2012ലും സ്‌പെയ്ന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോഴും ടീമില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ താരത്തിന് സാധിച്ചു. ക്ലബ് കരിയറില്‍ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ട് എഫ്.എ കപ്പ്, ഒരു ലാ ലിഗ കിരീടം, ഒരു ക്ലബ്ബ് ലോകകപ്പ്, ഒരു യുവേഫ സൂപ്പര്‍ കപ്പ് എന്നിവയടക്കം 14 കിരീടങ്ങള്‍ ഫാബ്രിഗാസ് നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിനിടെ ആഴ്‌സണല്‍ അക്കോദമിയിലെത്തിയ ഫാബ്രിഗാസ് കോച്ചിങ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു.

Content Highlights: Cesc Fabregas retired from football