ന്യൂദല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ച് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലായിരുന്നു മണിപ്പൂര്‍ കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചത്. ജൂലൈ 20 നാണ് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.
മെയ് മൂന്നിന് മണിപ്പൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രതിപക്ഷം തേടിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മൗനം പാലിച്ചത് വ്യാപക പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തന്റെ വഴിക്കല്ലെങ്കില്‍ പിന്നെ പെരുവഴിക്ക് എന്ന സമീപനത്തില്‍ നിന്നും മാറി മധ്യസ്ഥത വഹിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.
‘പ്രധാനമന്ത്രി ഒന്നും സംസാരിക്കാന്‍ തയ്യാറാകുന്നില്ല. അദ്ദേഹം പാര്‍ലമെന്റിലും എത്തുന്നില്ല. പൊതുജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല. ഇവിടെ എങ്ങനെയാണ് ജനാധിപത്യം പുലരുക’, ജയറാം രമേശിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തന്റെ വഴിക്കല്ലെങ്കില്‍ പിന്നെ പെരുവഴിക്ക് എന്ന സമീപനത്തില്‍ നിന്നും മാറി മധ്യസ്ഥത വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ കത്തുമ്പോള്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിന് പോയ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ‘മണിപ്പൂര്‍ കത്തുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ആഴ്ച മണിപ്പൂര്‍ കലാപത്തില്‍യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കിയിരുന്നു. സംഘര്‍ഷത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണം, സംഘര്‍ഷത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം, സുരക്ഷാ സേനക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം, പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നുംയൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരില്‍ ഉണ്ടായ ആക്രമണങ്ങള്‍, മരണങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയെയൂറോപ്യന്‍ യൂണിയന്‍ അപലപിക്കുകയും ചെയ്തിരുന്നു.