national news
യോ​ഗിയുടെ യു.പി മോഡലിൽ ഐ.സി.യുവും വെന്റിലേറ്ററുകളുമില്ല; കൊവിഡ് ചികിത്സയിൽ ഇല്ലായ്മയുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശെന്ന് കേന്ദ്ര സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 27, 05:33 am
Monday, 27th April 2020, 11:03 am

ദൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ 27000 കടന്ന പശ്ചാത്തലത്തിൽ രാജ്യം കൊവിഡ് ചികിത്സയ്ക്ക് നേരിടുന്ന പ്രധാന ബലഹീനതകൾ പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. ഐ.സി.യുവിന്റെയും, ഐസൊലേഷൻ വാർഡുകളുടെയും വെന്റിലേറ്ററുകളുടെയും കുറവാണ് നിലവിൽ രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇതിൽ ഉത്തർപ്രദേശ്, ബീഹാർ, അസം എന്നീ സംസ്ഥാനങ്ങളിലാണ് ചികിത്സയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും കൂടുതൽ ക്ഷാമം നേരിടുന്നത്. ഏപ്രിൽ 23 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ തയ്യാറാക്കിയ പ്രസന്റേഷനിലാണ് വികസനത്തിന്റെ മുഖമായി ബി.ജെ.പി ഉയർത്തിക്കൊണ്ടു വരുന്ന ആദിത്യനാഥ് സർക്കാരിന്റെ ഉത്തർപ്രദേശിലെ ആരോ​ഗ്യ മേഖലയുടെയടക്കം യഥാർത്ഥ ചിത്രം പുറത്തുവിടുന്ന കണക്കുകൾ കേന്ദ്രം അവതരിപ്പിച്ചത്.

ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ മീറ്റിങ്ങിൽ വിവിധ സംസ്ഥാനങ്ങളുടെ ആരോ​ഗ്യ സെക്രട്ടറിമാരും പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാർ പുറത്ത് വിട്ട ഡാറ്റ പ്രകാരം രാജ്യത്തെ 183 ജില്ലകളിൽ 100ൽ കുറവ് ഐസൊലേഷൻ ബെഡുകൾ മാത്രമാണുള്ളത്. ഇതിൽ തന്നെ 67 ജില്ലകളിൽ കൊറോണ വെെറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ആകെ 75 ജില്ലകളുള്ള ഉത്തർപ്രദേശിൽ 53 ജില്ലകളിലും 100ൽ താഴെ ഐസൊലേഷൻ ബെഡ് മാത്രമാണുള്ളത്. ഇതിൽ 31 ജില്ലകളിലും കൊവിഡ് കേസുകൾ ഉണ്ട് എന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡാറ്റ വ്യക്തമാക്കുന്നു.

ചികിത്സ സൗകര്യങ്ങൾ കുറവുള്ള സംസ്ഥാനങ്ങളിൽ രണ്ടാമതാണ് ബീഹാർ. 38 ജില്ലകളുള്ള ബീഹാറിൽ 20 ജില്ലകളിൽ നൂറിൽ താഴെ ഐസൊലേഷൻ ബെഡ് മാത്രമേ ഉള്ളൂ. ഇതിൽ തന്നെ 9 ജില്ലകളിൽ കൊവിഡ് കേസുകളുണ്ട്. അസമാണ് മൂന്നാം സ്ഥാനത്ത്.

ഓരോ സംസ്ഥാനങ്ങളിലും ഏറ്റവും മോശമായി പ്രവർത്തിക്കുന്ന ജില്ലകളുടെ പേരും ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​​ഗം വെളിപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശിൽ ഇത് സഹ്രാൻപൂർ, ഫിറോസാബാദ്, റായി ബറേലി എന്നിവയാണ്.

ഇന്ത്യയിലെ 143 ജില്ലകളിൽ ഐ.സി.യു സൗകര്യം ഇല്ലെന്നുള്ള ഞെട്ടിപ്പിക്കുന്ന കണക്ക് വ്യക്തമാക്കുന്നത് കൂടിയാണ് കേന്ദ്രത്തിന്റെ കണക്കുകൾ. ഇതിലും മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശ് തന്നെയാണ്. യു.പിയിലെ 34 ജില്ലകളിൽ ഒരു ഐ.സി.യു ബെഡ് പോലുമില്ല. മധ്യപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ബീഹാർ മൂന്നാമതാണ്. രാജ്യത്ത് 123 ജില്ലകളിൽ ഒരു വെന്റിലേറ്റർ പോലുമില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.