തുലാവര്‍ഷം കനത്തുപെയ്യും; ഒക്ടോബര്‍- ഡിസംബര്‍ മാസത്തിലും സാധാരണയില്‍ കൂടുതല്‍ മഴ
Kerala News
തുലാവര്‍ഷം കനത്തുപെയ്യും; ഒക്ടോബര്‍- ഡിസംബര്‍ മാസത്തിലും സാധാരണയില്‍ കൂടുതല്‍ മഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th September 2023, 7:07 pm

തിരുവനന്തപുരം: 2023 തുലാവര്‍ഷത്തില്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലായിരിക്കും ഇത്തവണത്തെ തുലാവര്‍ഷം. സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ഒക്ടോബര്‍ മാസം മുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുകയാണ്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

ഒമ്പത് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ടുമുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലര്‍ട്ട്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കും. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംബന്ധിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്.

വൈദ്യതി ലൈനുകള്‍ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന കുട്ടികള്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1056 എന്ന നമ്പറില്‍ KSEB യെ അറിയിക്കുക.കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2023 ല്‍ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… എന്ന ലിങ്കില്‍ ലഭ്യമാണ്.കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും പരിശോധിക്കുക.

Content Highlight:  Central Meteorological Department says that Kerala will receive rain in Libra year 2023